‘പേടിച്ച് ആളെ വിളിക്കാൻ ഞാൻ പുറത്തേക്കോടി, തിരിച്ച് വന്നപ്പോൾ അവൻ തൂങ്ങി നിൽക്കുന്നു’: പെൺകുട്ടിയുടെ മൊഴി
പ്രണയബന്ധത്തിലെ തര്‍ക്കത്തിന് പിന്നാലെ പട്ടാപ്പകല്‍ 19 കാരൻ തൂങ്ങിമരിച്ച സംഭവത്തിൽ കൂടെയുണ്ടായിരുന്ന പെൺകുട്ടിയുടെ മൊഴി പുറത്ത്. കാമുകൻ തൂങ്ങിയാടുന്നത് കണ്ട് ഭയന്ന പെൺകുട്ടി ചീപ്പുങ്കലിൽ ഇറിഗേഷൻ വകുപ്പിന്റെ കാടുകയറിക്കിടന്ന സ്ഥലത്തേക്ക് ഓടുകയും ഇടയ്ക്ക് വെച്ച് ബോധം മറഞ്ഞ് വീഴുകയുമായിരുന്നു. ഒരു രാത്രി മുഴുവൻ ആരുമറിയാതെ പെൺകുട്ടി ഇവിടെ കിടന്നു. ഭയന്നോടി ബോധരഹിതയായ പെൺകുട്ടിയെ നാട്ടുകാരിൽ ഒരാളാണ് പിറ്റേന്ന് രാവിലെ കണ്ടെത്തിയത്.
വെച്ചൂർ അംബികാ മാർക്കറ്റിന് സമീപം മാമ്പ്രയിൽ ഹേമാലയത്തിൽ പരേതനായ ഗിരീഷിന്റെ മകനാണ് ഗോപി വിജയ്. രാവിലെ പത്ത് മണിയോടെ വേമ്പനാട്ട് കായല്‍ തീരത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ ഇവര്‍ എത്തിയത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. ഉച്ചയോട് അടുത്ത് ഇതുവഴി പോയവരാണ് ഗോപി വിജയ് തൂങ്ങി നില്‍ക്കുന്നത് ശ്രദ്ധിക്കുന്നത്. പ്രണയ ബന്ധത്തിലെ തര്‍ക്കം മൂലമാണ് ആത്മഹത്യയെന്ന് പോലീസ് വ്യക്തമാക്കി.
‘നഴ്സിങ് പഠനത്തിനു ചേരാൻ ബെംഗളൂരുവിൽ പ്രവേശനം ലഭിച്ചിരുന്നു. ഇതിനെ ഗോപി എതിർത്തു. പോകരുതെന്നു പറഞ്ഞു. തിങ്കളാഴ്ച ചീപ്പുങ്കലിലേക്ക് വിളിച്ചുവരുത്തി. ബെംഗളൂരുവിലേക്കു പോകരുതെന്ന് വീണ്ടും പറഞ്ഞു. പോകുമെന്നു ഞാൻ പറഞ്ഞു. ഉടനെ ആത്മഹത്യക്കുറിപ്പ് എടുത്തു തന്നു. അതിനുശേഷം കുരുക്ക് കഴുത്തിൽ അണിഞ്ഞ് ചാടാൻ പോയി. ഗോപിയെ ആദ്യം പിന്തിരിപ്പിച്ചു. ബഹളം വച്ചെങ്കിലും ആരും വന്നില്ല. എത്ര പറഞ്ഞിട്ടും ഗോപി ഞാൻ പറയുന്നത് കേൾക്കാൻ തയ്യാറായില്ല. വിവരം അറിയിക്കാൻ ഞാൻ പുറത്തേക്കോടി. എന്നാൽ പുറത്തെങ്ങും ആരെയും കണ്ടില്ല. തിരിച്ചെത്തിയപ്പോൾ ഗോപി കയറിൽ തൂങ്ങിക്കിടക്കുന്നത് കണ്ടു. ഇതുകണ്ട് പേടിച്ച ഞാൻ എങ്ങോട്ടോ ഓടി. കുറ്റിക്കാട്ടിൽ ബോധം കെട്ട് വീണു. രാത്രി ആയപ്പോൾ പാതി ബോധം തെളിഞ്ഞു’, പെൺകുട്ടി പോലീസിനോട് പറഞ്ഞു.
No comments
Post a Comment