⭕ *പയ്യന്നൂരിൽ സീബ്രാവരകൾ മാഞ്ഞു; അപകടക്കെണിയായി റോഡുകൾ*
പയ്യന്നൂർ: റോഡുകളിലെ സീബ്രാവരകൾ കാണാൻപറ്റാത്തരീതിയിൽ മാഞ്ഞത് പയ്യന്നൂർ നഗരത്തിൽ അപകടഭീഷണിയാവുന്നു. പുതിയത് വരയ്ക്കണമെന്ന ആവശ്യവുമായി വ്യാപാരികൾ ഉൾപ്പെടെയുള്ളവർ രംഗത്തുണ്ടെങ്കിലും അധികൃതർ അവഗണിച്ചമട്ടാണുള്ളത്. ടൗണിൽ സ്കൂൾപരിസരങ്ങളിലേതടക്കം സീബ്രാവരകൾ മാഞ്ഞുപോയനിലയിലാണുള്ളത്. നഗരത്തിൽ പഴയ ബസ്‌സ്റ്റാൻഡിന് സമീപത്തുള്ള രണ്ട് സീബ്രാവരകളും പൂർണമായി മാഞ്ഞസ്ഥിതിയിലാണ്. ഗാന്ധി പാർക്കിലേക്കുള്ള റോഡിന് മുന്നിലേയും സെൻട്രൽ സ്റ്റാൻഡിന് സമീപത്തേയും സീബ്രാവരകളും മാഞ്ഞു.
സെയ്ന്റ് മേരീസ് സ്കൂളിന് സമീപത്തെ സീബ്രാവരയും മാഞ്ഞുതുടങ്ങിയെങ്കിലും സ്കൂൾസമയങ്ങളിൽ ഇവിടെ ഹോംഗാർഡിന്റെ സേവനം വിദ്യാർഥികൾക്ക് ലഭിക്കുന്നുണ്ട്. പോലീസ് സ്റ്റേഷൻ റോഡിലെ സീബ്രാവരകൾ മാത്രമാണ് വ്യക്തമായി തെളിഞ്ഞുകാണാൻ കഴിയുന്നത്.
ഗാന്ധി പാർക്കിന് സമീപത്തെയും സെൻട്രൽ സ്റ്റാൻഡിന് സമീപത്തെയും സീബ്രാവരകൾ മാഞ്ഞത് ഇതുവഴി കടന്നുപോകുന്ന വിദ്യാർഥികളുൾപ്പെടെയുള്ളവരെയാണ് ബുദ്ധിമുട്ടിലാക്കുന്നത്. സീബ്രാവരകൾ കാണാത്തതിനാൽ ഡ്രൈവർമാർ ആളുകൾ റോഡിനു കുറുകെ കടക്കാൻ നിൽക്കുന്നത് ശ്രദ്ധിക്കാതെ കടന്നുപോകുകയാണ്. വരകൾ ഇല്ലാതായതോടെ ആളുകൾ എല്ലായിടത്തുനിന്നും റോഡുകൾ മുറിച്ച് കടക്കുന്നതും നിത്യസംഭവമാണ്.
റോഡിലെ തിരക്ക് വർധിക്കുന്ന സമയമായ രാവിലെയും വൈകുന്നേരവുമുൾപ്പെടെ സീബ്രാവരകൾ വ്യക്തമായി കാണാൻ സാധിക്കാത്തതിനാൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അപകടസാധ്യതയുണ്ടാക്കുന്നുണ്ടെന്നും വ്യാപാരികൾ പറഞ്ഞു.
No comments
Post a Comment