സൈറൺ മുഴക്കി വധൂവരന്മാരെ കൂട്ടി ആംബുലന്‍സില്‍ വിവാഹയാത്ര,വാഹനം പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്
ആലപ്പുഴ : കായംകുളത്ത് ആംബുലന്‍സ് ദുരുപയോഗം ചെയ്ത സംഭവത്തില്‍ വാഹനം പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്.ആംബുലന്‍സ് ഉടമയ്‌ക്കും ഡ്രൈവര്‍ക്കും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് നോട്ടീസ് നല്‍കി. സൈറൺ മുഴക്കിക്കൊണ്ട് വധൂവരന്മാരെ കൂട്ടി വിവാഹയാത്ര നടത്തിയതിനാണ് നടപടി.
കായംകുളം കറ്റാനത്താണ് ആംബുലന്‍സില്‍ വധൂവരന്മാര്‍ യാത്ര ചെയ്തത്. കായംകുളം ഏയ്ഞ്ചല്‍ ആംബുലന്‍സ് സര്‍വീസിന്റെ വാഹനമാണ് വിവാഹയാത്രയ്‌ക്കായി ഉപയോഗിച്ചത്.ഇതേ ആംബുലന്‍സ് ഓടിക്കുന്ന ഡ്രൈവറുടെ വിവാഹത്തിനായാണ് ആംബുലന്‍സ് ഉപയോഗിച്ചത്. വധുവുമായി വീട്ടിലേക്ക് ആംബുലന്‍സ് എത്തണമെന്ന ആഗ്രഹം സുഹൃത്തുക്കളോട് പറഞ്ഞു. ഈ ആഗ്രഹം സുഹൃത്തുക്കള്‍ നടത്തി കൊടുക്കുകയായിരുന്നു. അത്യാഹിത സമയത്ത് ആളുകളെ കൊണ്ടുപോകുന്നതിന് സമാന രീതിയിലാണ് സൈറന്‍ മുഴക്കി വധൂവരന്മാര്‍ യാത്ര ചെയ്തത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.
സംഭവത്തില്‍ പരാതിയുമായി ആംബുലന്‍സ് ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എംവിഡി വാഹനം പിടിച്ചെടുത്തത്. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ ആര്‍ടിഒ സജി പ്രസാദ് അറിയിച്ചു. ഡ്രൈവറുടെ ലൈസന്‍സും വാഹനത്തിന്റെ പെര്‍മിറ്റും സസ്പെന്‍ഡ് ചെയ്യുമെന്നും എംവിഡി വ്യക്തമാക്കി.
No comments
Post a Comment