⭕ *പരിയാരം സഹകരണ ഹൃദയാലയ എന്ന പേര് ഇനി ഓർമ*
പരിയാരം: പരിയാരം സഹകരണ ഹൃദയാലയ എന്ന പേര് ഇനി ഓർമ. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന് കീഴിലെ കാർഡിയോളജി വിഭാഗം മാത്രമായി ഇത് മാറി.
മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തതോടെ ഈ മാറ്റം ഔദ്യോഗികമായി ഉണ്ടായെങ്കിലും സഹകരണ ഹൃദയാലയ എന്ന ബോർഡ് ശേഷിച്ചിരുന്നു.
ശനിയാഴ്ച ഇതുമാറ്റി ഗവ. മെഡിക്കൽ കോളേജ് ആസ്പത്രി, കണ്ണൂർ എന്ന പുതിയ ബോർഡ് ഉയർത്തി.
മെഡിക്കൽ കോളേജ് പൊതുമരാമത്ത് വിഭാഗത്തിലെ ആർട്ടിസ്റ്റ് മോഹനന്റെ നേതൃത്വത്തിലാണ് ബോർഡ് മാറ്റിസ്ഥാപിച്ചത്. മെഡിക്കൽ കോളേജിന്റെ എട്ടാംനിലയ്ക്ക് മുകളിലുള്ള പരിയാരം മെഡിക്കൽ കോളേജ് എന്ന കൂറ്റൻ ബോർഡും മറ്റിടങ്ങളിൽ അവശേഷിക്കുന്ന ബോർഡുകളും അടുത്ത ദിവസം തന്നെ മാറ്റിസ്ഥാപിക്കുമെന്നാണ് വിവരം. ഇതോടൊപ്പം വിവിധ വിഭാഗങ്ങളിലെ അറ്റകുറ്റപ്പണികളും തുടങ്ങും.
എം.വി.രാഘവൻ ആശുപത്രി ചെയർമാനായിരിക്കെ 2002-ൽ ബെംഗളൂരുവിലെ നാരായണ ഹൃദയാലയയുമായി സഹകരിച്ചാണ് പരിയാരത്ത് ‘സഹകരണ ഹൃദയാലയ’ തുടങ്ങിയത്. സഹകരണ മേഖലയിലെ ആദ്യത്തെ സൂപ്പർ സ്‌പെഷ്യാലിറ്റി ഹാർട്ട് ഹോസ്പിറ്റൽ എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ഹൃദയാലയ ഏറെ ശ്രദ്ധേയമായിരുന്നു.
No comments
Post a Comment