വികസന മുരടിപ്പിൽ പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ...
2000ത്തിന് മുകളിൽ യാത്രക്കാരാണ് ദിനംപ്രതി ഇവിടെ നിന്നും യാത്ര നടത്തുന്നത്. സമീപകാലത്തായി പ്ളാറ്റ്ഫോം നവീകരണത്തിന്റെ ഭാഗമായി ചില അറ്റകുറ്റ പണികൾ നടത്തിയെങ്കിലും അതൊന്നും വികസനത്തിന്റെ പാതയിലെത്തിയില്ല. കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾ മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി ഇവിടെയും പെയിന്റ് അടിച്ചിട്ടുണ്ട് എന്നതൊഴിച്ചാൽ വേറെയൊന്നുമില്ലെന്നാണ് പരാതി.
രണ്ടാം പ്ളാറ്റ് ഫോം പേരിന് ഉണ്ടങ്കിലും യാത്രക്കാർ മഴയും വെയിലും കൊള്ളണം. മതിയായ രീതിയിൽ മേൽക്കൂരയില്ല. മൂത്രപ്പുര ഉപയോഗശൂന്യമായിദുർഗന്ധം പരത്തുന്നു.
മന്ത്രിമാർ, എം.പിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ നല്കുന്ന ഉറപ്പുകളൊന്നും പാലിക്കപ്പെടുന്നില്ല. എൺപതോളം ട്രെയിനുകൾ ഇതുവഴി ഓടുന്നുണ്ടങ്കിലും 20 ട്രെയിനുകൾ മാത്രമാണ് ഇവിടെ നിർത്തുന്നത്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസങ്ങളിലായി കടന്നുപോകുന്ന ഒറ്റ ദീർഘദൂര വണ്ടിക്കും ഇവിടെ സ്റ്റോപ്പില്ല. മംഗളൂരു ചെന്നൈ വെസ്റ്റ് കോസ്റ്റിനു സ്റ്റോപ്പനുവദിക്കാമെന്ന് പഴയങ്ങാടി പാസഞ്ചർ അസോസിയേഷന് റെയിൽവേ അധികൃതർ നൽകിയ ഉറപ്പ് മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും പാളത്തിന് പുറത്ത് തന്നെ. വാണിജ്യ -വിദ്യാഭ്യാസ രംഗങ്ങളുമായി ബന്ധപ്പെടുന്ന നൂറ് കണക്കിന് യാത്രക്കാർ, മാടായി കാവിലേക്ക് കർണാടകയിൽ നിന്നെത്തുന്ന ഭക്തർ തുടങ്ങിയവർക്ക് ഏറെ ഉപകാരപ്രദമായ യശ്വന്ത്പൂർ എക്സ്പ്രസിനും സ്റ്റോപ്പില്ല. നേത്രാവതിക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
മാടായി, മാട്ടൂൽ, ഏഴോം, ചെറുതാഴം, കുഞ്ഞിമംഗലം, ചെറുകുന്ന്, പരിയാരം പഞ്ചായത്തുകളിലെ ജനങ്ങൾ ആശ്രയിക്കുന്ന സ്റ്റേഷനാണിത്. ഏഴിമല നേവൽ അക്കാഡമിയും അടുത്ത് തന്നെ. റെയിൽവേയുടെ സ്റ്റേഷൻ ക്ളാസിഫിക്കേഷനിൽ നേരത്തെ എ, ബി, സി, ഡി എന്നീ കാറ്റഗറി ഉണ്ടായിരുന്നതിൽ സി കാറ്റഗറി നിർത്തലാക്കിയതോടെ പഴയങ്ങാടി ഡി കാറ്റഗറിയിൽ ആയി. ഇതോടെ വികസനമുരടിപ്പുമായി. ഏറേ കാലത്തെ മുറവിളിക്കൊടുവിൽ പാർക്കിംഗ് സൗകര്യം ഒരുക്കിയത് മുൻ എം.എൽ.എ ടി.വി രാജേഷിന്റെ ആസ്തിവികസന ഫണ്ടിൽ നിന്ന് 60 ലക്ഷം ചെലവഴിച്ചാണ്.
1. ടിക്കറ്ര് കൗണ്ടർ ഒന്ന് മാത്രം
2. കുടിവെള്ള സൗകര്യമില്ല
3. വൈദ്യുതി തടസപ്പെട്ടാൽ ഇരുട്ട്
4. വിശ്രമമുറി തുറക്കാറേയില്ല
5. മൂത്രപ്പുര ഉപയോഗശൂന്യം
6. മതിയായ ഇരിപ്പിടങ്ങളും ഇല്ല
No comments
Post a Comment