ജനറൽ ആസ്പത്രിയിൽ കോവിഡ് പരിശോധന തുടങ്ങാൻ നടപടി
തലശ്ശേരി: തലശ്ശേരി ജനറൽ ആസ്പത്രിയിൽ കോവിഡ് പരിശോധനയ്ക്ക് ആർ.ടി.പി.സി.ആർ. പരിശോധന പുനരാരംഭിക്കാൻ നഗരസഭാ കോവിഡ് സുരക്ഷാ കമ്മിറ്റി തീരുമാനിച്ചു.
കോവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കും. സ്കൂൾ കുട്ടികൾക്ക് ആസ്പത്രിയിൽ നൽകുന്ന വാക്സിനേഷന് പുറമെ അതത് സ്കൂളുകളിൽ വാക്സിനേഷൻ നൽകുന്ന സംവിധാനം ഉടൻ തുടങ്ങും. രോഗലക്ഷണമുള്ളവർ ക്വാറന്റീനിൽ പോകണമെന്ന് യോഗം അഭ്യർഥിച്ചു.
വ്യാപാരസ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിക്കണം. വ്യാപാര സ്ഥാപനങ്ങളിൽ നഗരസഭാ ആരോഗ്യവിഭാഗവും പോലീസും പരിശോധന നടത്തും. കോവിഡ് മാനദണ്ഡം ലംഘിച്ചാൽ പിഴചുമത്തും. വിദേശ രാജ്യങ്ങളിൽനിന്ന് വരുന്നവർ സർക്കാർ നിർദേശപ്രകാരമുള്ള ക്വാറന്റീൻ പാലിക്കണം. വാർഡുതല കോവിഡ് ജാഗ്രതാസമിതിയുടെ പ്രവർത്തനം ശക്തിപ്പെടുത്തും.
യോഗത്തിൽ നഗരസഭാ ചെയർപേഴ്‌സൺ കെ.എം.ജമുനാറാണി അധ്യക്ഷതവഹിച്ചു. ജനറൽ ആസ്പത്രി സൂപ്രണ്ട് ഡോ. ആശാദേവി, ആർ.എം.ഒ. ഡോ. വി.എസ്.ജിതിൻ, നഗരസഭാ ആരോഗ്യസമിതി ചെയർ പേഴ്‌സൺ ടി.കെ.സാഹിറ, നഗരസഭാ സിക്രട്ടറി ആർ.പ്രദീപ്‌കുമാർ, ഡോക്ടർമാർ, പോലീസ് ഉദ്യോഗസ്ഥർ, റവന്യൂ ഉദ്യോഗസ്ഥർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
No comments
Post a Comment