ചുരുളിയില്‍ അശ്ലീല സംഭാഷണങ്ങളില്ലെന്ന് പൊലീസ് സമിതി: കഥ ആവശ്യപ്പെടുന്ന ഭാഷയാണ് സംഭാഷണങ്ങളിലുള്ളത്
തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളിയില്‍ അശ്ലീല സംഭാഷണങ്ങളില്ലെന്ന് പൊലീസ് സമിതി. ചിത്രത്തിലെ സംഭാഷണങ്ങള്‍ കഥയോടും കഥാപാത്രങ്ങളോടും ചേര്‍ത്തുവച്ചുവേണം കാണാനെന്നാണ് പൊലീസ് സമിതിയുടെ വിലയിരുത്തല്‍. കഥ ആവശ്യപ്പെടുന്ന ഭാഷയാണ് സംഭാഷണങ്ങളിലുള്ളതെന്ന് റിപ്പോര്‍ട്ട്. എ.ഡി.ജി.പി കെ പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സിനിമ കണ്ട് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
സിനിമയിലെ മോശം പദങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഘം സിനിമ കണ്ടത്. തിരുവനന്തപുരം റൂറല്‍ എസ്.പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിന്‍ എ.സി.പി എ. നസീം എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ചുരുളിയിലെ സംഭാഷണങ്ങള്‍ അസഭ്യമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ശേഷമാണ് ചുരുളിയില്‍ മോശം പദങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
ചുരുളി സിനിമ പൊതുധാര്‍മികതയ്ക്ക് നിരക്കാത്തതാണെന്നും സിനിമ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ചുരുളിയിലെ സംഭാഷണങ്ങള്‍ സ്ത്രീകളുടെയും കുട്ടികളുടെയും അന്തസ് കളങ്കപ്പെടുത്തുന്നതാണെന്ന് ഹര്‍ജിയില്‍ ചൂണ്ടികാണിക്കുന്നു. ഹര്‍ജി പരിഗണിച്ചതിനെ തുടര്‍ന്ന് ചുരുളിയില്‍ ഏതെങ്കിലും തരത്തിലുള്ള മോശം പദപ്രയോഗം നടന്നിട്ടുണ്ടോ എന്നറിയിക്കാന്‍ ഹൈക്കോടതി ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
No comments
Post a Comment