കൈതപ്രം എഞ്ചിനിയറിങ്ങ് കോളേജിന് സമീപം സ്വകാര്യ വ്യക്തികളുടെ പറമ്പിൽ വൻ തീപിടുത്തം.
കണ്ടോന്താറിലെ കെ.വി.കുഞ്ഞിക്കണ്ണൻ, കാരാള കമലാക്ഷി തുടങ്ങിയവരുടെ പേരിലുള്ള സ്ഥലത്താണ് ഉച്ചക്ക് 12 മണിയോടെ തീപിടുത്തമുണ്ടായത്. പറമ്പിലെ
ടാപ്പ് ചെയ്തു തുടങ്ങിയ റബ്ബർ മരങ്ങളും കശുമാവും മറ്റും കത്തിനശിച്ചു.
പെരിങ്ങോത്തു നിന്നും പയ്യന്നൂരിൽ നിന്നും എത്തിയ അഗ്നി സേനാ അംഗങ്ങളാണ് തീ അണച്ചത് .
ലീഡിങ്ങ് ഫയർ ഓഫീസർമാരായ ടി.കെ. സുനിൽകുമാർ, ടി.വി. പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സും, കടന്നപ്പള്ളി ഗ്രാമ പഞ്ചായത്ത് മെമ്പർ എൻ.കെ. സുജിത്തും നാട്ടുകാരും സഹായത്തിനെത്തിയിരുന്നു. തീ അണക്കാനായതിനാൽ വൻ ദുരന്തം ഒഴിവായി. തീപിടുത്തമുണ്ടായ കുന്നിനു താഴെ നിരവധി വീടുകളുണ്ട്. തീ പിടിച്ചപ്പോൾ താഴെ ഭാഗത്തേക്ക് തീയുംപുകയും പടർന്നതോടെ വീട്ടുകാർ പരിഭ്രാന്തിയിലായിരുന്നു.
തീപിടിത്തത്തിന് പിന്നിൽ സാമൂഹ്യ വിരുദ്ധരാണെന്ന് പരാതിയുയർന്നിട്ടുണ്ട്. തീപിടിച്ച സ്ഥലത്ത്, വത്തക്ക കഷണങ്ങളും, മദ്യകുപ്പികളും, മറ്റ് ഭക്ഷ്യവസ്തുക്കളും കാണാനുണ്ട്. ആരുടേയും ശ്രദ്ധയിൽ പെടാനിടയില്ലെന്നതിനാൽ ഇവിടം സാമൂഹ്യ വിരുദ്ധ താവളമാണെന്ന് നേരത്തേ ആക്ഷേപമുയർന്നിരുന്നു.
No comments
Post a Comment