Header Ads

  • Breaking News

    പെണ്‍കുട്ടിയോട് ‘ഐ ലവ് യു’ എന്ന് ഒരു തവണ പറയുന്നത് പോക്‌സോ പ്രകാരമുള്ള കുറ്റമല്ല- കോടതി

     


    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ‘ഐ ലവ് യു’ എന്ന് ഒരു തവണ പറയുന്നത് പോക്‌സോ നിയമ പ്രകാരമുള്ള ലൈംഗിക കുറ്റകൃത്യമല്ലെന്ന് കോടതി. ഗ്രേറ്റര്‍ മുംബൈയിലെ പോക്‌സോ സ്പെഷ്യല്‍ ജഡ്ജി കല്‍പന പാട്ടീലിന്റേതാണ് വിധി.


    പതിനേഴുകാരിയായ പെണ്‍കുട്ടിയോട് ഒരു തവണ എനിക്ക് നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞ ഇരുപത്തിമൂന്നുകാരന് എതിരായ പോക്‌സോ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. അയല്‍വാസിയായ യുവാവിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.


    വീടിന് അടുത്തുള്ള പൊതു ശുചിമുറി ഉപയോഗിക്കാന്‍ പെണ്‍കുട്ടി പോയപ്പോഴാണ് യുവാവ് തന്റെ പ്രണയം പറഞ്ഞത്. യുവാവ് ഇങ്ങനെ പറഞ്ഞ കാര്യം പെണ്‍കുട്ടി അമ്മയോട് പറഞ്ഞു. യുവാവിനോട് അമ്മ കാര്യങ്ങള്‍ തിരക്കിയെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. നേരത്തെ തന്റെ മകളെ യുവാവ് സൈറ്റ് അടിക്കാറുണ്ടായിരുന്നെന്നും പെണ്‍കുട്ടിയുടെ അമ്മ പരാതിയില്‍ പറഞ്ഞിരുന്നു.


    ഒരു തവണ ഇഷ്ടമാണെന്ന് പറയുന്നത് പെണ്‍കുട്ടിയുടെ മാനം നശിപ്പിക്കുന്നതിന് വേണ്ടിയാണെന്ന് കണക്കാക്കാന്‍ ആകില്ല. ഇഷ്ടം പ്രകടിപ്പിച്ചതായി മാത്രമേ കണക്കാക്കാന്‍ സാധിക്കൂവെന്നും കോടതി അഭിപ്രായപ്പെട്ടു. സൈറ്റ് അടിച്ചു എന്നതിന് തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല എന്നും കോടതി ചൂണ്ടിക്കാട്ടി.


    യുവാവിന് എതിരെ പോക്‌സോ നിയമത്തിലെ 12-ാം വകുപ്പ് പ്രകാരവും, ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 509, 506 വകുപ്പുകള്‍ പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

    No comments

    Post Top Ad

    Post Bottom Ad