പ്ലസ് വൺ പരീക്ഷ ജൂൺ അവസാനത്തോടെ നടത്താൻ ആലോചന
തിരുവനന്തപുരം:
ഈ വർഷത്തെ പ്ലസ് വൺ പരീക്ഷ അടുത്ത അധ്യയന വർഷത്തിലേക്ക് നീളും. ജൂൺ അവസാനം പരീക്ഷ നടത്താനാണ് ആലോചന. പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകൾക്ക് സമാന രീതിയിൽ ഫോക്കസ് ഏരിയ നിശ്ചയിച്ച് പരീക്ഷ നടത്താനാണ് ശിപാർശയെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ല. എങ്കിലും പ്ലസ് വൺ പരീക്ഷക്കുള്ള കരട് ഫോക്കസ് ഏരിയ ആഴ്ചകൾക്ക് മുമ്പ് എസ്.സി.ഇ.ആർ.ടി തയാറാക്കി നൽകിയിട്ടുണ്ട്.
മാർച്ച് 30ന് തുടങ്ങുന്ന പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകൾ ഏപ്രിൽ 22നും മാർച്ച് 31ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷ ഏപ്രിൽ 29നുമാണ് അവസാനിക്കുന്നത്.
അധ്യാപകർ പരീക്ഷ ഡ്യൂട്ടിയിലാകുന്നതോടെ പ്ലസ് വൺ അധ്യയനവും ഏറെക്കുറെ ഈ സമയത്ത് തടസ്സപ്പെടും. ഏപ്രിൽ അവസാനം പ്ലസ് ടു മൂല്യനിർണയ ക്യാമ്പുകൾ തുടങ്ങിയാൽ മൂന്നാഴ്ചയെങ്കിലും നീളും. ഇതും പ്ലസ് വൺ ക്ലാസ് തുടരുന്നതിന് തടസ്സമാകും. നവംബർ 15നാണ് പ്ലസ് വൺ ക്ലാസ് ബാച്ചായി തുടങ്ങിയത്. കഴിഞ്ഞ 21 മുതൽ പൂർണതോതിലുള്ള അധ്യയനവും. മിക്ക വിഷയത്തിനും പകുതി പോലും പാഠഭാഗം തീർന്നിട്ടില്ല. ഈ സാഹചര്യത്തിൽ ഫോക്കസ് ഏരിയ നിശ്ചയിക്കണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന് മുന്നിൽ വന്ന നിർദേശം.
മാർച്ച് അവസാനം വരെ ക്ലാസ് നടത്തിയും ശേഷം ഓൺലൈൻ ക്ലാസ് തുടർന്നും മേയിൽ പാഠഭാഗം തീർക്കാനാണ് ശ്രമം. പുതിയ അധ്യയന വർഷം ആരംഭിച്ച ശേഷം മുന്നൊരുക്കം പൂർത്തിയാക്കി ജൂൺ അവസാനം പ്ലസ് വൺ പരീക്ഷ നടത്താനാണ് ആലോചന. എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകൾക്ക് 60 ശതമാനം പാഠഭാഗങ്ങൾ നിശ്ചയിക്കുകയും ഇതിൽനിന്ന് 70 ശതമാനം ചോദ്യങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുന്ന രീതിയിലാണ് ഫോക്കസ് ഏരിയയും ചോദ്യപേപ്പർ പാറ്റേണും നിശ്ചയിച്ചത്. ഇതേരീതിയിൽ തന്നെയാണ് പ്ലസ് വൺ കരട് ഫോക്കസ് ഏരിയയും തയാറാക്കിയിരിക്കുന്നത്.
അധ്യയന വർഷം രണ്ടു പൊതുപരീക്ഷ; കുട്ടികളിൽ അമിത സമ്മർദം
തിരുവനന്തപുരം: ജൂണിലേക്ക് പരീക്ഷ നീളുന്നത് ഒരു അധ്യയന വർഷം രണ്ടു പൊതുപരീക്ഷ എഴുതേണ്ട സമ്മർദമായിരിക്കും കുട്ടികൾക്കു മേൽ സൃഷ്ടിക്കുക. ഈ വർഷം പ്ലസ് ടു പരീക്ഷ എഴുതുന്ന കുട്ടികൾക്കും ഇതേ സാഹചര്യമാണ്. നാലു മാസം മുമ്പ് ഒക്ടോബറിലാണ് ഇവർക്ക് തൊട്ടുമുമ്പത്തെ അധ്യയന വർഷം നടത്തേണ്ട പ്ലസ് വൺ പരീക്ഷ നടത്തിയത്. ഇതിന് ശേഷമായിരുന്നു ഇംപ്രൂവ്മെന്റ് പരീക്ഷ.
പ്ലസ് ടു പരീക്ഷക്ക് പിന്നാലെ നീറ്റ്, ജെ.ഇ.ഇ പരീക്ഷകളും വിവിധ സർവകലാശാല പ്രവേശന പരീക്ഷകളുമാണ് കുട്ടികളെ കാത്തിരിക്കുന്നത്. ഒരു അധ്യയന വർഷം ഒന്നിലധികം പൊതുപരീക്ഷ എഴുതേണ്ടി വരുന്നത് കുട്ടികളിൽ അമിത സമ്മർദത്തിന് വഴിവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മേയിലെങ്കിലും പ്ലസ് വൺ പരീക്ഷ നടത്തണമെന്ന ആവശ്യം ഉയർന്നിരുന്നു. ജൂണിലേക്ക് പരീക്ഷ നീളുന്നത് പ്ലസ് ടു അധ്യയനം വൈകാനും ഇടയാക്കും. മേയിൽ പരീക്ഷ നടത്തണമെങ്കിൽ ചോദ്യപേപ്പർ തയാറാക്കൽ ഉൾപ്പെടെ മുന്നൊരുക്കങ്ങൾ ഫെബ്രുവരി ആദ്യം തുടങ്ങണം. സർക്കാർ തീരുമാനം വൈകിയ സാഹചര്യത്തിൽ ഇനി മേയിൽ പരീക്ഷ നടത്താനാകില്ലെന്നാണ് ഹയർസെക്കൻഡറി പരീക്ഷ വിഭാഗം പറയുന്നത്.
No comments
Post a Comment