മകനെ ജാമ്യത്തിലിറക്കാന്‍ സഹായിച്ചില്ല: സിപിഐ നേതാവിനെ കുത്തി പ്രതിയുടെ അച്ഛന്‍
കൊല്ലം :
മകനെ ജാമ്യത്തിലിറക്കാന്‍ സഹായിക്കാത്തതിന്റെ പേരിൽ സിപിഐ നേതാവിനെ ഓഫീസിനുള്ളിലിട്ട് കുത്തിപ്പരിക്കേല്‍പ്പിച്ച് പിതാവ്. കുളത്തൂപ്പുഴയില്‍ ആധാരമെഴുത്ത് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന സി.പി.ഐ. അഞ്ചല്‍ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം സാംനഗര്‍ വിജിതാഭവനില്‍ പി.ജെ.രാജു(60)വിനാണ് കുത്തേറ്റത്. സംഭവത്തിൽ പ്രതി സാംനഗര്‍ നിഷാമന്‍സിലില്‍ എം ഷാജി (57) പോലീസില്‍ കീഴടങ്ങി.
തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആധാരമെഴുത്ത് ഓഫീസില്‍ കസേരയില്‍ ഇരിക്കുകയായിരുന്ന രാജുവിന്റെ വയറിന്റെ വലതുവശത്തും ഇടതുകൈക്കുമാണ് പരിക്കേറ്റത്. ശബ്ദംകേട്ട് സമീപത്തെ കടകളിലുണ്ടായിരുന്നവര്‍ ഓടിയെത്തി ഷാജിയെ തടഞ്ഞു. പരിക്കേറ്റ രാജുവിന് കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്‍കി. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഷാജിയുടെ മകന്‍ മുഹമ്മദ് ഷാഹുലും കൂട്ടാളികളും കഴിഞ്ഞ ചൊവ്വാഴ്ച പൊതുനിരത്തില്‍ പരസ്യമായി മദ്യപിക്കുകയും ഇത് ചോദ്യംചെയ്തതിന് നാട്ടുകാരെ ആക്രമിക്കുകയും ചെയ്തു. ഈ കേസില്‍ ഇവരെ പോലീസ് അറസ്റ്റുചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. കേസില്‍ പി ജെ രാജു സഹായിക്കാത്തതിലുള്ള വിരോധമാണ് ആക്രമണത്തിനിടയാക്കിയതെന്നാണ് സംഭവത്തെക്കുറിച്ച് കുളത്തൂപ്പുഴ പോലീസ് പറയുന്നത്.
No comments
Post a Comment