സൗരോർജം ഇനി വീടുകളിലും; പുരപ്പുറ സോളാർ സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്താം
കെ.എസ്.ഇ.ബി യുടെ 500 മെഗാവാട്ട് പുരപ്പുറ സോളാർ പദ്ധതിയുടെ ഭാഗമായുള്ള സൗരസ്‌കീമിലേക്ക് ഗാർഹിക ഉപഭോക്താക്കൾക്ക് രജിസ്റ്റർ ചെയ്യാം. ഇതിനായുള്ള സ്‌പോട്ട് രജിസ്‌ട്രേഷൻ ക്യാമ്പുകൾ ജില്ലയിൽ മാർച്ച് മൂന്ന്, നാല്, അഞ്ച് തീയതികളിൽ നടക്കും. ഓരോ സബ് ഡിവിഷൻ പരിധിയിലും ഒരു കേന്ദ്രമെങ്കിലും സജ്ജീകരിച്ചാണ് ക്യാമ്പ് നടക്കുക.
സർക്കാരിന്റെ ഊർജ മിഷന്റെ ഭാഗമായി 1000 മെഗാവാട്ട് സൗരോർജം സംസ്ഥാനത്തെ വൈദ്യുത ശ്യംഖലയിൽ കൂട്ടിച്ചേർക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് സൗര. സൗരയുടെ ഒന്നാം ഘട്ടത്തിൽ ഫേസ് ഒന്നിൽ 50 മെഗാവാട്ട് ഉത്പാദനമാണ് ലക്ഷ്യം.
വീടുകളുടെ പുരപ്പുറത്ത് സൗര നിലയം സ്ഥാപിക്കാൻ വിപുലമായ പദ്ധതിയാണ് കെ.എസ്.ഇ.ബി ഒരുക്കുന്നത്. ഇതിനായി ആകർഷകമായ സബ്‌സിഡിയും ലഭ്യമാണ്. വീടിന്റെ മേൽക്കൂരയിൽ ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നുണ്ടെങ്കിൽ അവിടം സൗര നിലയത്തിന് അനുയോജ്യമാണ്. ഇതിലൂടെ വീട്ടാവശ്യത്തിനുള്ള വൈദ്യുതി ഉത്പാദിപ്പിക്കാനും സാധിക്കും. ഉത്പാദിപ്പിക്കുന്നതിൽ മിച്ചമുള്ള വൈദ്യുതി കെ.എസ്.ഇ.ബി ലിമിറ്റഡിന് നൽകിയാൽ പണവും നേടാം. കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയം നിശ്ചയിച്ച ബെഞ്ച്മാർക്ക് നിരക്കിന്റെ 40% വരെ സബ്‌സിഡി ലഭിക്കും. കെ.എസ്.ഇ.ബി എംപാനൽ ചെയ്ത കമ്പനികൾ സൗര നിലയങ്ങൾ സ്ഥാപിച്ചാലാണ് സബ്‌സിഡി ലഭിക്കുക.
ഗാർഹിക ഉപഭോക്താക്കൾക്ക് ഒന്ന് മുതൽ മൂന്ന് കിലോവാട്ട് ശേഷി വരെയുള്ള നിലയങ്ങൾ സ്ഥാപിക്കുന്നതിന് 40 %, മൂന്ന് മുതൽ 10 കിലോവാട്ട് വരെയുള്ളതിന് 20% എന്നിങ്ങനെയാണ് സബ്‌സിഡി നിരക്ക്. 10 കിലോവാട്ടിന് മുകളിൽ സബ്‌സിഡി ഇല്ല. ഒരു കിലോ വാട്ട് ശേഷിയുള്ള സൗര നിലയം സ്ഥാപിക്കാൻ 75,500 രൂപയും, ഒരു കിലോ വാട്ട് മുതൽ രണ്ട് കിലോവാട്ട് വരെയുള്ളതിന് 67,500 രൂപയും, രണ്ട് കിലോവാട്ട് മുതൽ മൂന്ന് കിലോവാട്ട് വരെയുള്ളതിന് 63,500 രൂപയും, മൂന്ന് കിലോവാട്ട് മുതൽ 10 കിലോവാട്ട് വരെയുള്ളതിന് 51,152.12 രൂപയുമാണ് സബ്‌സിഡി നിരക്ക്.
സബ്‌സിഡി സ്‌കീമുകളുടെ വിശദീകരണത്തിന് അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ജീവനക്കാർ ക്യാമ്പിൽ വളണ്ടിയർമാരായി പ്രവർത്തിക്കും. ഉപഭോക്താക്കളുടെ സംശയങ്ങൾ ദൂരീകരികരിക്കാൻ സോളാർ പാനൽ സ്ഥാപിക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ട കമ്പനികളുടെ പ്രതിനിധികളും പങ്കെടുക്കും. രജിസ്റ്റർ ചെയ്യുന്നവരുടെ വീടുകളിൽ സാധ്യതാ പരിശോധന നടത്തി സോളാർ പാനലുകളുടെ ശേഷിയും വിലയും അറിയിക്കും. ക്യാമ്പുകളുടെ സ്ഥലവും തീയതിയും അതാത് സെക്ഷൻ ഓഫീസുകൾ വഴി അറിയാം. കൂടുതൽ വിവരങ്ങൾക്കായി https://ekiran.kseb.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
No comments
Post a Comment