Header Ads

  • Breaking News

    ലൈംഗിക ചൂഷണ ലക്ഷ്യം : കേരള എയ്ഡഡ് സ്കൂൾ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സംസ്ഥാന നോഡൽ ഓഫീസറായ കണ്ണൂർ സ്വദേശി പിടിയിൽ


    കോട്ടയം: പ്രൊവിഡന്റ് ഫണ്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സമീപിച്ച അധ്യാപികയെ ലൈംഗികമായി ചൂഷണംചെയ്യണമെന്ന ഉദ്ദേശ്യത്തോടെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കേരള എയ്ഡഡ് സ്കൂൾ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സംസ്ഥാന നോഡൽ ഓഫീസറായ കണ്ണൂർ സ്വദേശി ആർ. വിനോയ് ചന്ദ്രനെ (41)യാണ് കോട്ടയത്തെ ഹോട്ടലിൽനിന്ന് വിജിലൻസ് സംഘം പിടികൂടിയത്. കാസർകോട് ഡി.ഡി.ഇ. ഓഫീസിലെ ഉദ്യോഗസ്ഥനായ ഇയാൾ എൻ.ജി.ഒ. യൂണിയൻ ജില്ലാ കൗൺസിൽ അംഗം കൂടിയാണ്.

    പി.എഫുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് കോട്ടയത്തെ അധ്യാപിക നോഡൽ ഓഫീസറായ വിനോയ് ചന്ദ്രനെ സമീപിച്ചത്. പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ തന്റെ ആവശ്യങ്ങൾക്ക് വഴങ്ങണമെന്ന രീതിയിലാണ് ഇയാൾ അധ്യാപികയോട് സംസാരിച്ചത്. വാട്സാപ്പിൽ നിരന്തരം സന്ദേശങ്ങൾ അയക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കോട്ടയത്ത് വരുന്നുണ്ടെന്നും നേരിൽ കാണണമെന്നും പറഞ്ഞത്. നഗരത്തിലെ ഹോട്ടലിൽ വരുമ്പോൾ 44 സൈസിലുള്ള ഷർട്ട് സമ്മാനമായി കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതോടെ ദുരുദ്ദേശ്യം മനസിലാക്കിയ അധ്യാപികയും കുടുംബവും വിജിലൻസിനെ വിവരമറിയിക്കുകയായിരുന്നു.

    കോട്ടയത്ത് എത്തിയ ഉദ്യോഗസ്ഥൻ റെയിൽവേ സ്റ്റേഷന് സമീപം ഹോട്ടലിൽ മുറിയെടുക്കുകയും അധ്യാപികയെ വിളിച്ചുവരുത്തുകയും ചെയ്തു. ഷർട്ടുമായി ഹോട്ടലിൽ എത്തിയ അധ്യാപിക ഇത് ഉദ്യോഗസ്ഥന് കൈമാറിയതിന് പിന്നാലെ വിജിലൻസ് സംഘവും ഹോട്ടൽ മുറിയിലെത്തി. തുടർന്നാണ് വിനോയ് ചന്ദ്രനെ കസ്റ്റഡിയിലെടുത്തത്.


    No comments

    Post Top Ad

    Post Bottom Ad