Header Ads

  • Breaking News

    തറ വർത്തമാനം എന്റെ അടുത്ത് വേണ്ട, വിമര്‍ശിക്കുന്നവർക്ക് മാനസിക രോഗം’: ഭാവനയെ ക്ഷണിച്ചത് താനെന്ന് രഞ്ജിത്ത്



    തിരുവനന്തപുരം: 26ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ മുഖ്യാതിഥിയായി നടി ഭാവന പങ്കെടുത്തതിന് പിന്നാലെ, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് നേരെ വിമർശനങ്ങൾ ഉയർന്നിരുന്നു. രഞ്ജിത്തിനെ വിമർശിച്ച് അഭിഭാഷക സംഗീത ലക്ഷ്മണ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, വിഷയത്തിൽ തന്നെ വിമർശിക്കുന്നവർക്ക് മാനസിക രോഗമാണെന്ന് പറയുകയാണ് സംവിധായകൻ. ഭാവനയെ ക്ഷണിക്കുക എന്നത് തന്റെ തീരുമാനമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഐ.എഫ്.എഫ്.കെയുടെ ഉദ്ഘാടനത്തിന് പിന്നാലെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. മനോരമ ന്യൂസിനോടായിരുന്നു സംവിധായകന്റെ പ്രതികരണം.

    ‘മുഖ്യമന്ത്രിയുമായും ഇക്കാര്യം സംസാരിച്ചു. ചലച്ചിത്ര അക്കാദമിയിലെ സഹപ്രവർത്തകരുമായി ആലോചിച്ചാണ് ഭാവനയെ ക്ഷണിച്ചത്. മാധ്യമങ്ങളുടെ ശ്രദ്ധ പ്രശ്നമാകുമെന്ന് കരുതിയാണ് വിവരം രഹസ്യമാക്കി വച്ചത്. ഇതൊക്കെ സ്വാഭാവികമായി ചെയ്ത കാര്യമാണ്. ബാഹ്യപ്രവർത്തനങ്ങള്‍ ഒന്നും തന്നെയില്ല. എന്റെ മനസിലെടുത്ത തീരുമാനമാണത്. സമൂഹമാധ്യമങ്ങളിൽ വരുന്ന വിമർശനങ്ങളിൽ ശ്രദ്ധിക്കാറില്ല. അതൊരു മാനസിക രോഗമാണ്. അതുകാട്ടി എന്നെ ഭയപ്പെടുത്താൻ പറ്റില്ല. എന്റെ സിനിമകളിലെ കഥാപാത്രങ്ങളെ വച്ച് വിമർശിക്കുന്നവരോടും ഒന്നും പറയാനില്ല. അത്തരം തറ വർത്തമാനങ്ങൾ എന്റെ അടുത്ത് ചിലവാകില്ല. എനിക്ക് തോന്നുന്നത് ഞാൻ ചെയ്യും. അതിൽ സാംസ്കാരിക വകുപ്പിന്റെയും സർക്കാരിന്റെയും പിന്തുണ ഉണ്ട്’, രഞ്ജിത്ത് പറഞ്ഞു.

    അതേസമയം, ‘എന്ത് ഭാവിച്ചാണ് ആ ഭാവന പെണ്ണിനെ കെട്ടിയെഴുന്നെള്ളിച്ച് കൊണ്ട് വന്ന് ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉത്ഘാടന കർമ്മം നടക്കുന്ന വേദിയിൽ അവരാധിച്ചിരുത്തിയത്. ഭാവന പറയുന്നത് സത്യമെന്ന് നിനക്ക് ഉറപ്പുണ്ടെങ്കിൽ പിന്നെ നീ എന്തിനാടാ അന്ന് ജയിലിൽ പോയി ദിലീപിനെ കണ്ടത്’, എന്നായിരുന്നു രഞ്ജിത്തിനെ പരിഹസിച്ച് കൊണ്ട് സംഗീത ലക്ഷ്മണ ഫേസ്‌ബുക്കിൽ കുറിച്ചത്.


    No comments

    Post Top Ad

    Post Bottom Ad