കണ്ണൂർ ജില്ലയിലെ രണ്ട് ആശുപത്രികൾക്ക് കൂടി ദേശീയ അംഗീകാരം
ദേശീയ ഗുണനിലവാര അംഗീകാരമായ നാഷനൽ ക്വാളിറ്റി അഷ്വറൻസ് സർട്ടിഫിക്കേഷൻ (എൻക്യുഎഎസ്) അംഗീകാരം നേടി ജില്ലയിലെ മാട്ടൂൽ, ഉദയഗിരി കുടുംബാരോഗ്യ കേന്ദ്രങ്ങൾ. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയമാണ് അംഗീകാരം നൽകിയത്. മാട്ടൂലിന് 95 ശതമാനവും ഉദയഗിരിക്ക് 94 ശതമാനവും മാർക്കാണ് ലഭിച്ചത്. ഇതോടെ ജില്ലയിൽ എൻക്യുഎഎസ് അംഗീകാരം ലഭിച്ച സ്ഥാപനങ്ങളുടെ എണ്ണം 26 ആയി. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾക്ക് എൻക്യുഎഎസ് അംഗീകാരം ലഭിച്ച ഏക ജില്ലയും കണ്ണൂരാണ്.ദേശീയ ആരോഗ്യ പരിപാടി, ജനറൽ അഡ്മിനിസ്ട്രേഷൻ, ഒപി ലാബ് എന്നീ വിഭാഗങ്ങളിലായി രോഗികൾക്കുള്ള മികച്ച സേവനങ്ങൾ ഭൗതിക സാഹചര്യം, ജീവനക്കാരുടെ കാര്യക്ഷമത, മരുന്നുകളുടെ ലഭ്യത, വിതരണം, ക്ലിനിക്കൽ സേവനങ്ങൾ, രോഗീസൗഹൃദം, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, മാതൃ- ശിശു ആരോഗ്യം, ജീവിത ശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെപ്പ് സേവനങ്ങൾ തുടങ്ങിയ വിഭാഗങ്ങളെ അടിസ്ഥാനമാക്കി 3500 പോയിന്റുകൾ വിലയിരുത്തിയാണ് ദേശീയ ഗുണമേന്മ അംഗീകാരം നൽകുന്നത്.കൊവിഡ് പ്രതിസന്ധിക്കു ശേഷം പരിശോധനാ സംഘം ഫെബ്രുവരി ഒമ്പത്, 10, 11, 12 തീയ്യതികളിൽ നടത്തിയ നേരിട്ടുള്ള പരിശോധനയിലാണ് ഇപ്പോൾ അംഗീകാരം ലഭിച്ചത്. മൂന്ന് വർഷത്തേക്കാണ് ഇപ്പോൾ അംഗീകാരം ലഭിച്ചത്. ഓരോ വർഷവും രണ്ട് ലക്ഷം രൂപ വീതവും, അടുത്ത രണ്ട് വർഷത്തേക്ക് ഗ്രാന്റും ലഭിക്കും. എല്ലാവർഷവും സംസ്ഥാന വിലയിരുത്തൽ സംഘം ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷം തുക വീണ്ടും അനുവദിക്കും. കോവിഡിനെ തുടർന്ന് നേരത്തെ നടത്തിയ ഓൺലൈൻ പരിശോധനയിൽ ഒരു വർഷത്തേക്കുള്ള അംഗീകാരവും ലഭിച്ചിരുന്നു.
No comments
Post a Comment