മാസ്കും സാമൂഹ്യ അകലവും തുടരണം'; സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്രം
ദില്ലി: മാസ്കും (Mask) സാമൂഹ്യ അകലവും ഉൾപ്പെടെയുള്ള കൊവിഡ് (Covid) മാനദണ്ഡങ്ങൾ തുടരണമെന്ന് കേന്ദ്രം. പരിശോധനകളും ഐസൊലേഷൻ ഉൾപ്പടെയുള്ള കാര്യങ്ങളും തുടരണമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്. സംസ്ഥാനങ്ങൾക്ക് അയച്ച ആരോഗ്യ സെക്രട്ടറിയുടെ കത്തിലാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്.
പൊതുസ്ഥലങ്ങളിൽ മാസ്ക് മാറ്റുന്നതടക്കം കൊവിഡ് നിയന്ത്രണങ്ങൾ നീക്കുന്നത് സംബന്ധിച്ച് കേരളവും സജീവ ചർച്ചകൾ നടത്തുന്നതിനിടെയാണ് കേന്ദ്രത്തിന്റെ നിർദ്ദേശം. ഘട്ടം ഘട്ടമായി മാസ്ക് മാറ്റുന്നത് ചർച്ച ചെയ്യണമെന്ന് ഒരു വിഭാഗം ആരോഗ്യവിദഗ്ദർ പറയുമ്പോൾ, ധൃതി പിടിച്ച് തീരുമാനം വേണ്ടെന്നാണ് വിദഗ്ദ സമിതിയുടെ ഭാഗമായവർ സർക്കാരിന് നൽകിയിരിക്കുന്ന അഭിപ്രായം. ഇതിനിടെ, മാസ്ക് ധരിക്കാത്തവർക്കെതിരെ കേസെടുക്കുന്നത് സംസ്ഥാനത്ത് തൽക്കാലം കുറച്ചിട്ടുണ്ട്.
മാസ്ക് ഉപേക്ഷിക്കാനുള്ള സമയമായോ? ആരോഗ്യ വിദഗ്ധർ പറയുന്നു...
മാസ്ക്കുപയോഗം പൂർണമായും നിർത്താൻ സമയമായിട്ടില്ല. എന്നാൽ എല്ലാ സ്ഥലങ്ങളിലും മാസ്ക് ഉപയോഗിക്കുന്നതിൽ അർത്ഥവുമില്ല. അതായത്, ഒറ്റയ്ക്ക് കാർ ഓടിക്കുമ്പോൾ മാസ്ക് ധരിക്കേണ്ടതില്ല. വ്യായാമം ചെയ്യുമ്പോൾ മാസ്ക് ധരിക്കേണ്ട ആവശ്യമില്ല. തിരക്കില്ലാത്ത സ്ഥലത്താണ് നിങ്ങൾ നിൽക്കുന്നതെങ്കിൽ അവിടയും മാസ്ക്കിന്റെ ആവശ്യമില്ല. ആശുപത്രിയിൽ പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം. അടിച്ചിട്ട ചെറിയ മുറികളിലാണ് നിങ്ങൾ നിൽക്കുന്നതെങ്കിൽ നിർബന്ധമായും മാസ്ക് ധരിക്കണം. നിലവിൽ മാസ്ക് ഒറ്റയടിയ്ക്ക് ഒഴിവാക്കാനുള്ള സമയമായിട്ടില്ല. മാസ്ക്കിന്റെ ഉപയോഗം പതുക്കെ കുറയ്ക്കാനാണ് ശ്രമിക്കേണ്ടതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ ) സമൂഹമാധ്യമ വിഭാഗം നാഷണൽ കോർഡിനേറ്റർ ഡോ. സുൾഫി നൂഹു പറഞ്ഞു.
' കൊവിഡ് സമയത്ത് മാസ്ക് ധരിച്ചത് കൊണ്ട് നമ്മളെ ഒരുപാട് സഹായിച്ചിട്ടുണ്ട്. സർജിക്കൽ മാസ്ക് അല്ലെങ്കിൽ എൻ95 മാസ്ക് ധരിച്ചത് കൊണ്ട് നമ്മുടെ ശരീരത്തിലേക്ക് വെെറസിന്റെ കയറുന്നതിന്റെ അളവ് കുറയുന്നുണ്ടായിരുന്നു. മാസ്ക് ഒരുപാട് സുരക്ഷിതത്വം നൽകിയിരുന്നു. കൊവിഡ് കുറയുന്ന ഈ സാഹചര്യത്തിൽ ഏതൊക്കെ സമയത്ത് മാസ്ക് ധരിക്കേണ്ട എന്നതിനെ കുറിച്ച് പറയാം. തുറസായ സ്ഥലത്താണ് നിങ്ങൾ നിൽക്കുന്നതെങ്കിൽ അല്ലെങ്കിൽ തിരക്കൊന്നും ഇല്ലാത്ത ഒരു സ്ഥലത്താണെങ്കിൽ മാസ്ക് ധരിക്കേണ്ട ആവശ്യമില്ല. എന്നാൽ വലിയൊരു മാളിലോ തിരക്കുള്ള കടകളിലൊക്കെ നിൽക്കുകയാണെങ്കിൽ മാസ്ക് നിർബന്ധമായും ധരിക്കുക. മാസ്ക് ധരിക്കുന്നത് കൊവിഡിനെ തടയുക മാത്രമല്ല മറ്റ് പ്രശ്നങ്ങൾ, അലർജി പ്രശ്നം ഇവയെല്ലാം തടഞ്ഞു...' - അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ എമർജൻസി വിഭാഗം സീനിയർ സ്‍പെഷ്യലിസ്റ്റായ ഡോ. ഡാനിഷ് സലീം പറയുന്നു.
ചില സ്ഥലങ്ങളിലും മാസ്ക് ആവശ്യമില്ലെങ്കിലും ചില കാരണങ്ങളാൽ മാസ്ക് ധരിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നു. വൈറസ് വികസിക്കുന്നത് തുടരുന്നു. ഭാവിയിൽ വേരിയന്റുകളുടെ ആവിർഭാവത്തിന്റെ അപകടസാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.
പകർച്ചവ്യാധികൾക്കിടയിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ വാക്സിൻ എടുക്കുന്നതും മാസ്ക് ധരിക്കലുമാണെന്ന് ബഫലോ സർവകലാശാലയിലെ പകർച്ചവ്യാധി വിഭാഗത്തിന്റെ മേധാവിയായ ഡോ. തോമസ് റൂസോ പറഞ്ഞു.
No comments
Post a Comment