മൂന്ന് ദിവസത്തേക്ക് ഇടിമിന്നലോട് കൂടിയുള്ള മഴയ്ക്ക് സാധ്യത: കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദ്ദേശങ്ങൾ പുറത്തിറക്കി
തിരുവനന്തപുരം: മാർച്ച് 29 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്താണ് ഇടിമിന്നലിന് കൂടുതല്‍ സാധ്യത. ഈ സാഹചര്യത്തിൽ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഇടിമിന്നലിനുള്ള സാധ്യത മുന്‍നിര്‍ത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇടിമിന്നല്‍ ദൃശ്യമായില്ലെങ്കിലും പൊതുജനങ്ങൾ ജാഗ്രത കൈവിടരുതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിപ്പില്‍ പ്രതിപാദിച്ചു.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശങ്ങൾ ഇങ്ങനെ:
• ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കാണുമ്പോൾ, ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറുക.
• ഇടിമിന്നൽ ഉണ്ടാകുന്ന സമയത്ത് ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും സമീപം നില്‍ക്കരുത്. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുക. ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കരുത്.
• ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം തടസ്സപ്പെടുത്തുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യം ഒഴിവാക്കുക. ടെലിഫോണും ഉപയോഗിക്കരുത്.
• ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ ആകാശം മേഘാവൃതമാണെങ്കില്‍, കുട്ടികളെ തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കാൻ അനുവദിക്കരുത്.
• ഇടിമിന്നൽ ഉണ്ടാകുന്ന സമയത്ത് മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യരുത്.
• ഇടിമിന്നൽ ഉണ്ടാകുന്ന സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരണം. കൈകാലുകള്‍ പുറത്തിടരുത്. വാഹനത്തിന് പുറത്തുകടക്കാത്തതാണ് കൂടുതൽ സുരക്ഷിതം. എന്നാൽ, ഇടിമിന്നലുള്ള സമയത്ത് സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ എന്നീ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കുക. അത്തരം വാഹനങ്ങൾ ഓടിക്കുന്നവർ ഇടിമിന്നൽ ഉണ്ടാകുമ്പോൾ ഉടൻ തന്നെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുക.
• ഇടിമിന്നലുള്ള സമയത്ത്, മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസ്സിലേക്കോ, മുറ്റത്തേക്കോ പോകരുത്. കാറ്റില്‍ വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ മുൻപ് തന്നെ കെട്ടിവെക്കുക. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നതും ഒഴിവാക്കുക. ഈ സമയത്ത് ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കരുത്.
• ഇടിമിന്നലുള്ളപ്പോൾ ജലാശയത്തില്‍ മത്സ്യബന്ധനത്തിനോ, കുളിക്കാനോ ഇറങ്ങരുത്. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയവ നിര്‍ത്തിവെച്ച് ഉടൻ കരയിൽ എത്താന്‍ ശ്രമിക്കുക. ഇടിമിന്നൽ ഉണ്ടാകുന്ന സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും നിര്‍ത്തിവെക്കുക. പട്ടം പറത്തുന്നതും ഒഴിവാക്കുക.
• ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ, മറ്റ് ഉയരമുള്ള പ്രദേശങ്ങളിലോ, മരക്കൊമ്പിലോ ഇരിക്കരുത്.
• ഈ സമയത്ത് വളര്‍ത്തുമൃഗങ്ങളെ വിജനമായ സ്ഥലത്ത് കെട്ടിയിടരുത്. അവയെ അഴിക്കുവാനും, സുരക്ഷിതമായി മാറ്റി കെട്ടുവാനും മേഘം കാണുന്ന സമയത്ത് പോകരുത്.
• അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാന്‍ സാധിക്കാതെ വരികയാണെങ്കിൽ, നിൽക്കുന്ന തുറസ്സായ സ്ഥലത്ത് പാദങ്ങള്‍ ചേര്‍ത്തുവച്ച്, തല കാല്‍മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തിന്റെ ആകൃതിയിൽ ഇരിക്കുക.
• ഇടിമിന്നലില്‍ നിന്ന് രക്ഷ നേടാൻ കെട്ടിടങ്ങള്‍ക്ക് മുകളില്‍ മിന്നല്‍ രക്ഷാചാലകം സ്ഥാപിക്കാവുന്നതാണ്. വൈദ്യുതി ഉപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ്ജ് പ്രോട്ടക്ടറും ഘടിപ്പിക്കാം.
• മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ, കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ, ഹൃദയാഘാതം സംഭവിക്കുകയോ വരെ ചെയ്തേക്കാം. മിന്നലേറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുതി പ്രവാഹം ഉണ്ടാകില്ല. അതുകൊണ്ട്, മിന്നലേറ്റ ആളിന് പ്രഥമശുശ്രൂഷ നല്‍കാന്‍ മടിക്കരുത്. മിന്നലേറ്റാൽ ആദ്യ മുപ്പത് സെക്കന്‍ഡ് സമയം ജീവന്‍ രക്ഷിക്കാൻ നിർണായകമാണ്. ഒട്ടും വൈകാതെ മിന്നലേറ്റ ആളിന് വൈദ്യസഹായം ലഭ്യമാക്കുക.
No comments
Post a Comment