ശൈലജ ടീച്ചറുടെ കോള്‍ ഒരിക്കലും മറക്കില്ല, ആ വാക്കുകള്‍ പ്രചോദനം; സൂര്യ പറയുന്നു
തമിഴ് സിനിമാസ്വാദകരുടെ പ്രിയതാരമാണ് സൂര്യ(Actor Suriya). തമിഴ് നടനാണെങ്കിലും കേരളത്തിലും വന്‍ ആരാധക കൂട്ടത്തെയാണ് താരം സ്വന്തമാക്കിയത്. നിലവില്‍ എതര്‍ക്കും തുനിന്തവന്‍ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സൂര്യ ആരാധകര്‍. ഈ അവസരത്തില്‍ ജയ് ഭീം എന്ന ചിത്രം കണ്ട ശേഷം ഷൈലജ ടീച്ചര്‍ വിളിച്ചതിനെ പറ്റി സൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
ജയ് ഭീം കണ്ട ശേഷം ഷൈലജ ടീച്ചർ വിളിച്ചെന്നും ആ കോൾ താനൊരിക്കലും മറക്കില്ലെന്നും സൂര്യ പറയുന്നു. ഷൈലജ ടീച്ചറെ ഒരു റോൾ മോഡലും സൂപ്പർ സ്റ്റാറുമൊക്കെയായാണ് ഞങ്ങൾ കാണുന്നത്. ടീച്ചർ വിളിച്ചിട്ട് ചിത്രം ഇഷ്ടമായെന്ന് പറഞ്ഞത് ഞങ്ങൾക്ക് ലഭിച്ച വലിയ അംഗീകാരമാണ്. കൂടുതൽ നല്ല ചിത്രങ്ങൾ ചെയ്യാനുള്ള പ്രചോദനമാണതെന്നും സൂര്യ പറയുന്നു. കഴിഞ്ഞ ദിവസം എതര്‍ക്കും തുനിന്തവന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിൽ എത്തിയപ്പോഴായിരുന്നു സൂര്യയുടെ പ്രതികരണം.
മലയാള സിനിമകൾ എല്ലാ ഭാഷകളിലും ചർച്ച ചെയ്യപ്പെടുകയാണെന്നും സൂര്യ പറഞ്ഞു. ജയ്ഭീം പോലുള്ള സിനിമകൾക്ക് കേരളത്തിൽ നിന്നടക്കം വലിയ പിന്തുണയാണ് ലഭിച്ചത്. ഹൈദ്രാബാദോ മുംബൈയിലോ എവിടെ പോയാലും മലയാള സിനിമകളെ കുറിച്ചാണ് കൂടുതൽ ചർച്ചകളും നടക്കാറ്. ഗ്രേറ്റ് ഇന്ത്യൻ കിച്ചനും ജോജിയും തുടങ്ങി മിന്നൽ മുരളി വരെയുള്ള ചിത്രങ്ങൾ അക്കാര്യം വ്യക്തമാക്കും. ആ വഴിയിലുള്ള ഞങ്ങളുടെ ശ്രമമാണ് ജയ് ഭീം പോലുള്ള ചിത്രങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടിയ്ക്കെതിരായി നടന്ന അതിക്രമം നിർഭാഗ്യകരമാണെന്നും നടക്കാൻ പാടില്ലാത്തതായിരുന്നെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി സൂര്യ പറഞ്ഞു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും അറിയില്ല. അതുകൊണ്ട് തന്നെ ആധികാരികമായൊന്നും പറയുന്നില്ല. പക്ഷേ ഇത്തരം സംഭവങ്ങൾ സമൂഹത്തിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ല. ഇപ്പോഴും ഇങ്ങനെയെക്കെ സംഭവിക്കുന്നുവെന്നത് ഞെട്ടിക്കുന്നുവെന്നും ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിലകൊള്ളുന്നുവെന്നും സൂര്യ പറഞ്ഞു.
പാണ്ഡിരാജിന്‍റെ സംവിധാനത്തിലെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് എതര്‍ക്കും തുനിന്തവന്‍. മാര്‍ച്ച് 10ന് ആണ് ചിത്രത്തിന്റെ റിലീസ്. പാണ്ടിരാജ് തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രിയങ്ക അരുള്‍ മോഹന്‍ ആണ് നായിക. 'പസങ്ക', 'ഇത് നമ്മ ആള്', 'നമ്മ വീട്ടു പിള്ളൈ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് പാണ്ടിരാജ്. വിനയ് റായ്, സത്യരാജ്, രാജ്‍കിരണ്‍, ശരണ്യ പൊന്‍വണ്ണന്‍, സൂരി, സിബി ഭുവനചന്ദ്രന്‍, ദേവദര്‍ശിനി, എം എസ് ഭാസ്‍കര്‍, ജയപ്രകാശ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ആര്‍ രത്നവേലു, എഡിറ്റിംഗ് റൂബന്‍, സംഗീതം ഡി ഇമ്മന്‍. സൂര്യയുടെ കരിയറിലെ 40-ാം ചിത്രം എന്ന പ്രത്യേകതയുമുണ്ട് എതര്‍ക്കും തുനിന്തവന്. രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഒരു സൂര്യ ചിത്രം തിയറ്ററുകളിലെത്തുന്നതിന്‍റെ ആവേശത്തിലാണ് ആരാധകരും സിനിമാസ്വാദകരും.
No comments
Post a Comment