ട്രെയിനിനടിയില്‍ വീണ് നാലുവയസുകാരി : അവസരോചിതമായ ഇടപെടലിലൂടെ രക്ഷിച്ച് പൊലീസ്
വര്‍ക്കല: ട്രെയിനിനടിയിലേക്ക് വീണ നാലുവയസുകാരിയെ അവസരോചിതമായ ഇടപെടലിലൂടെ രക്ഷിച്ച് പൊലീസ്. തമിഴ്നാട് സ്വദേശികളായ സെല്വകുമാറിന്റെ മകളായ നാലുവയസുകാരി റിയശ്രീയാണ് അപകടത്തില്‍പെട്ടത്.
ഞായറാഴ്ച രാവിലെയാണ് സംഭവം. വര്‍ക്കല റെയില്‍വേ സ്റ്റേഷനിലാണ് അപകടം നടന്നത്. മധുരൈ-കൊല്ലം പാസഞ്ചര്‍ ട്രെയിനില്‍ വിനോദസഞ്ചാരത്തിനായിട്ടാണ് തമിഴ്നാട് സ്വദേശികൾ വര്‍ക്കലയിലെത്തിയത്.
ഇവർ ട്രെയിനില്‍ നിന്നും ഇറങ്ങവേ കാല് വഴുതി കുഞ്ഞ് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലൂടെ ട്രാക്കിലേക്ക് വീഴുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് ട്രാക്കില്‍നിന്നും കുഞ്ഞിനെ രക്ഷിച്ചത്.
നിസാര പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ താലൂക്കാശുപത്രിയിലെത്തിച്ചു. പൊലീസുകാരുടെ സമയോചിതമായ ഇടപെടലാണ് നാലുവയസുകാരിയെ രക്ഷിച്ചത്.
No comments
Post a Comment