Header Ads

  • Breaking News

    ലിംഗഭേദമില്ലാതെ എല്ലാവർക്കും തുല്യ ആരോഗ്യ പരിരക്ഷയുമായി ‘ഇടം’: ഉദ്ഘാടനം വീണാ ജോർജ് നിർവ്വഹിക്കും



    തിരുവനന്തപുരം: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര വനിതാ ദിനാചരണവും ‘ഇടം’ ബോധവൽക്കരണ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും മാർച്ച് എട്ടിന് രാവിലെ 11.30ന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് അങ്കണത്തിൽ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. സംസ്ഥാന ആരോഗ്യവകുപ്പും ദേശീയ ആരോഗ്യദൗത്യവും സംയുക്തമായാണ് ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് വനിതാ ബോധവത്ക്കരണ ബസ് യാത്ര, ജീവിതശൈലീ രോഗനിർണയ സ്‌ക്രീനിംഗ് എന്നിവയുമുണ്ടാകും.

    ലിംഗ ഭേദമില്ലാതെ എല്ലാവർക്കും തുല്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ഇടം ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആരോഗ്യപ്രവർത്തകർ, ആശുപത്രി പ്രവർത്തകർ, പൊതുജനങ്ങൾ, ഇതര ലിംഗക്കാർ തുടങ്ങി പൊതു ആരോഗ്യ സംവിധാനത്തിലെ മുഖ്യ പങ്കാളികളെ ഉൾപ്പെടുത്തിയാണ് ക്യാമ്പയിൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ട്രാൻസ്‌ജെൻഡർ വ്യക്തികളുൾപ്പെടെയുള്ള ഇതര ലൈംഗിക വിഭാഗക്കാർക്ക് തുല്യമായ ആരോഗ്യ പരിഗണന ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ജില്ലാ, ജനറൽ ആശുപത്രികളിലെ ട്രാൻസ്‌ജെൻഡർ സൗഹൃദ ആശുപത്രികളാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

    ‘ഇടം’ ലോഗോ പ്രകാശനവും, ബോധവൽക്കരണ പരസ്യ ചിത്രവും മന്ത്രി പ്രകാശനം ചെയ്യും. ഇതിനോടനുബന്ധിച്ച് ജില്ലാ സംസ്ഥാന തലങ്ങളിൽ വിപുലമായ ബോധവൽക്കരണ ക്ലാസുകളും സെമിനാറുകളും വെബിനാറുകളും സാമൂഹിക മാധ്യമ ചർച്ചകളും നടത്തും. കൂടാതെ ചുവർചിത്ര സന്ദേശങ്ങളും, ബോർഡുകളും പോസ്റ്ററുകളൂം, റെയിൽവേ സ്റ്റേഷൻ, ബസുകൾ തുടങ്ങിയ മാധ്യമങ്ങളിൽ കൂടി പരസ്യ പ്രചാരണവും നടത്തും.


    No comments

    Post Top Ad

    Post Bottom Ad