ദേശീയപാതയിലെ കുരുക്കഴിക്കാൻ നടപടി: വളപട്ടണം-പാപ്പിനിശ്ശേരിഭാഗത്ത് ഡിവൈഡർ വരുന്നു
പാപ്പിനിശ്ശേരി : ദീർഘകാലമായി തുടരുന്ന യാത്രാക്ലേശത്തിനും ഗതാഗതാകുരുക്കിനും ശമനം കാണാൻ ദേശീയപാതയിൽ വളപട്ടണം-പാപ്പിനിശ്ശേരി ഭാഗത്ത് ഡിവൈഡർ സ്ഥാപിക്കുന്നു. റോഡ് സുരക്ഷാ പദ്ധതിയിലൂടെ അനുവദിച്ച 24 ലക്ഷം രൂപ ഉപയോഗിച്ചാണ് വളപട്ടണം പാലത്തിന് ഇരുഭാഗത്തുമായി 300 മീറ്റർ ദൈർഘ്യത്തിൽ ഡിവൈഡറുകൾ സ്ഥാപിക്കുന്നത്. പാലത്തിന്റെ തെക്ക് ഭാഗം വളപട്ടണം ഭാഗത്ത് 200 മീറ്റർ നീളത്തിലും വടക്ക് ഭാഗമായ പാപ്പിനിശ്ശേരിയിൽ 100 മീറ്റർ നീളത്തിലുമാണ് ഡിവൈഡറുകൾ സ്ഥാപിക്കുന്നത്.
പാലത്തിന്റെ ഇരുഭാഗത്തും വാഹനങ്ങൾ നിയമങ്ങൾ കാറ്റിൽ പറത്തി തലങ്ങും വിലങ്ങും ഓടിക്കുന്ന അവസ്ഥയാണുള്ളത്. ഇതുമൂലം പതിവായി ഗതാഗതക്കുരുക്കും ഉണ്ടാകുന്നു. ഡിവൈഡർ സ്ഥാപിച്ചാൽ ഇത്തരം നിയമലംഘനങ്ങൾ തടയാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഡിവൈഡർ സ്ഥാപിക്കുന്നതോടൊപ്പം വളപട്ടണം പാലത്തിന്റെ തെക്ക് ഭാഗത്തെ കരിങ്കല്ല് ഭിത്തിയോടുചേർന്ന് റോഡിന്റെ ഇരുഭാഗത്തുമായി ഒരുമീറ്റർ വീതം വീതിയിൽ കോൺക്രീറ്റ് ചെയ്ത് റോഡിന്റെ വീതികൂട്ടും.
ഇതാടൊപ്പം പാലത്തിനും പഴയ ടോൾഗേറ്റിനും ഇടയിലെ എല്ലാവിധ അനധികൃത പാർക്കിങ്ങുകളും ഒഴിവാക്കാൻ നടപടി സ്വീകരിക്കും. സ്ഥലം എം.എൽ.എ. കെ.വി. സുമേഷ് മുൻകൈയെടുത്ത് കുരുക്ക് ഒഴിവാക്കുന്നതിനുള്ള നടപടിക്ക് വേഗം കൂട്ടണമെന്ന് ഉദ്യോഗസ്ഥതലയോഗത്തിലും ആവശ്യപ്പെട്ടിരുന്നു.
No comments
Post a Comment