സിറ്റി റോഡ് ഇംപ്രൂവ്മെന്റ് യുദ്ധകാലാടിസ്ഥാനത്തിൽ നടത്തും: മന്ത്രി മുഹമ്മദ് റിയാസ്
കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ്. കണ്ണൂർ ഗവ. ഹസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കണ്ണൂർ നഗരത്തിലെ പ്രധാന പ്രശ്നം ഗതാഗത കുരുക്കാണ്. ഇതിന് പരിഹാരമായി കണ്ണൂരിൽ റോഡ് വികസന പദ്ധതികൾ നടപ്പാക്കുന്നുണ്ട്. മാഹി ബൈപ്പാസ് നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തിൽ നടത്തും. നിർമ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് പരാതി ഉന്നയിക്കാനുള്ള അവകാശമുണ്ട്.
അത്തരം പരാതികൾ ബന്ധപ്പെട്ടവർ പരിശോധിക്കും. എന്നാൽ വികസന കാര്യത്തിൽ അനാവശ്യ തടസങ്ങൾ ഉണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു.
അനുവദിക്കുന്ന മുഴുവൻ തുകയും പ്രവൃത്തിക്കായി ഉപയോഗിക്കാത്തതിനാലാണ് പലയിടത്തും റോഡ് തകരുന്നത്. ഇത് പരിഹരിക്കാൻ പരിപാലന കാലാവധി ബോർഡ് റോഡരികിൽ സ്ഥാപിക്കുന്നുണ്ട്. ബോർഡ് സ്ഥാപിക്കുന്നതിനാൽ റോഡ് പരിപാലിക്കേണ്ടവർ ആരാണെന്ന അറിവ് ജനങ്ങൾക്ക് ലഭിക്കുന്നു.
ഒപ്പം മെച്ചപ്പെട്ട രീതിയിൽ പ്രവൃത്തി നടത്തണമെന്ന ബോധം കരാറുകാരനും ഉണ്ടാകുന്നു. നിർമ്മാണത്തിലെ പിഴവ് കാരണം റോഡ് തകർന്നാൽ കരാറുകാരനും മേൽനോട്ടം വഹിച്ച ഉദ്യോസ്ഥർക്കുമായിരിക്കും അതിന്റെ ഉത്തരവാദിത്തമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
No comments
Post a Comment