പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് വൻ കവർച്ച; 40 പവനും ഒരു ലക്ഷം രൂപയും കവർന്നു
മട്ടന്നൂർ:
ഉരുവച്ചാലിൽ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് വൻ കവർച്ച. 40 പവനോളം വരുന്ന സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയുമാണ് കവർന്നത്. ഉരുവച്ചാൽ ടൗണിലെ ഐടിസി ട്രേഡിംഗ് കമ്പനി ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി ഉരുവച്ചാൽ യൂണിറ്റ് പ്രസിഡന്റുമായ സി. നൗഷാദിന്റെ ഉരുവച്ചാൽ -മണക്കായി റോഡിലെ കടപ്പുറത്തെ ദാറുൽ റഹ്മയിൽ ഇരുനിലവീട്ടിലാണ് കവർച്ച നടന്നത്. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
നോമ്പായതിനാൽ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട്പൂട്ടി നൗഷാദും കുടുംബവും കാക്കയങ്ങാട്ടെ ഭാര്യയുടെ വീട്ടിൽ പോയതായിരുന്നു. ഞായറാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നത് ശ്രദ്ധയിൽപ്പെടുന്നത്. കിടപ്പുമുറിയിൽ അലമാരയിൽ സൂക്ഷിച്ച പണവും നൗഷാദിന്റെ ഭാര്യയുടെ ആഭരണവും ഗോൾഡ് കോയിനുകളുമാണ് മോഷണം പോയത്. വീടിന്റെ പിറകിൽ രണ്ടാം നിലയിലേക്ക് ഏണിവച്ച് മുകളിലേക്ക് കയറിയാണ് വാതിൽ കുത്തിത്തുറന്നിരിക്കുന്നത്.
വീടിന് ചുറ്റും സിസിടിവി കാമറ സ്ഥാപിച്ചിരുന്നുവെങ്കിലും തകരാറിലായി കിടക്കുകയാണ്. സിസിടിവി കാമറ തകരാറിലായതും വീട്ടിൽ ആളില്ലെന്ന് അറിയുന്നവരുമാണ് കവർച്ച നടത്തിയതെന്നാണ് പോലീസ് നിഗമനം. കടയിലേക്ക് വേണ്ടി പണം എടുക്കാനെത്തിയപ്പോഴാണ് കവർച്ച നടന്നതെന്ന് അറിയുന്നതെന്ന് നൗഷാദ് പറഞ്ഞു. കണ്ണൂരിൽ നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് ഡോഗ് മണം പിടിച്ച് ഉരുവച്ചാൽ ടൗൺവരെ ഓടിയെങ്കിലും അവിടെ നിൽക്കുകയായിരുന്നു.
മോഷ്ടാവ് റോഡിലൂടെ പോയതായി സംശയിക്കുന്നതിനാൽ സമീപ പ്രദേശത്തെ വീടുകളിലെയും കടകളിലെയും സിസിടിവി ദൃശ്യം പരിശോധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കിളിയങ്ങാട്ടെ രണ്ടു ക്ഷേത്രങ്ങളിൽ കവർച്ച നടന്നിരുന്നു. കിളിയങ്ങാട് ശ്രീ ഇളംകരുമകൻ ക്ഷേത്രത്തിലും ഇയ്യാട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലുമാണ് കവർച്ച നടന്നത്. ഭണ്ഡാരങ്ങൾ കുത്തിത്തുറന്നും ഓഫീസിന്റെ പൂട്ട് പൊളിച്ചുമായിരുന്നു കവർച്ച. ഇതിന്റെ പ്രതികളെ കണ്ടെത്തുന്നതിനിടയാണ് വീണ്ടും കവർച്ച നടന്നത്
No comments
Post a Comment