ചൂടു കൂടിയതോടെ ചെറുനാരങ്ങ വില കുതിക്കുന്നു: ഒരു ചെറുനാരങ്ങക്ക് 10 രൂപവരെ
ചൂട് കൂടിയതോടെ ചെറുനാരങ്ങ വില കുതിച്ചുയരുന്നു. കിലോയ്ക്കു 40 രൂപ മുതൽ 60 രൂപ വരെ വിലയ്ക്കു വിറ്റിരുന്ന ചെറുനാരങ്ങയുടെ വില 150 മുതൽ 200 രൂപ വരെയായി. ഒരു ചെറുനാരങ്ങയ്ക്ക് 10 രൂപ വരെ. ഇത്രയും വില മുൻപൊന്നും ഉണ്ടായിട്ടില്ലെന്നു കച്ചവടക്കാർ പറയുന്നു..
തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമാണ് പ്രധാനമായും ചെറുനാരങ്ങ എത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വരവു കുറയുകയും ആവശ്യം വർധിക്കുകയും ചെയ്തു. പണിമുടക്കിന്റെ തൊട്ടു മുൻപത്തെ ദിവസങ്ങളിൽ ചെറുനാരങ്ങ സ്റ്റോക്ക് വ്യാപാരികൾ കുറച്ചിരുന്നു. പണിമുടക്കു കഴിഞ്ഞ തൊട്ടടുത്ത ദിവസം ചെറുനാരങ്ങ കിട്ടാനില്ലാത്ത അവസ്ഥയായി.
വേനൽ ചൂട് വർധിച്ചതോടെ സർബത്ത്, നാരങ്ങസോഡ തുടങ്ങിയ പാനീയങ്ങൾക്ക് ആവശ്യക്കാർ ഏറിയതും ചെറുനാരങ്ങയുടെ ആവശ്യം വർധിക്കാൻ കാരണമായി. ചെറുനാരങ്ങയുടെ വിലവർധന ഇത്തരം പാനീയങ്ങളുടെ വിൽപനയെയും അച്ചാർ ഉൽപാദനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. പല ചെറുകിട അച്ചാർ നിർമാണ യൂണിറ്റുകളും ചെറുനാരങ്ങ അച്ചാർ ഉണ്ടാക്കുന്നത് നിർത്തി. വരും ദിവസങ്ങളിൽ ചെറുനാരങ്ങയുടെ വരവ് വർധിക്കുമെന്നും വില കുറയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
No comments
Post a Comment