Header Ads

  • Breaking News

    കൊച്ചി മെട്രോ ട്രെയിനിന് മുകളില്‍ ഭീഷണി സന്ദേശം എഴുതിയ സംഭവത്തില്‍ ദുരൂഹത



    എറണാകുളം: ആദ്യ സ്‌ഫോടനം കൊച്ചിയിലാണെന്ന്, കൊച്ചി മെട്രോ ട്രെയിനിന് മുകളില്‍ ഭീഷണി സന്ദേശം. സംഭവത്തില്‍, ദുരൂഹതയുണ്ടെന്ന് പോലീസ് അറിയിച്ചു. രാജ്യവിരുദ്ധ ശക്തികളാണ് സംഭവത്തിന് പിന്നില്‍ എന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ ഊര്‍ജ്ജിത അന്വേഷണം പോലീസ് തുടരുകയാണ്. അതേസമയം, ഇതുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം അന്വേഷണ സംഘവും മെട്രോ അധികൃതരും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

    ഈ മാസം 22നാണ് മെട്രോ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് പുറത്ത് ഭീഷണി സന്ദേശം എഴുതിയത്. പമ്പ എന്ന ട്രെയിനിന് പുറത്തായിരുന്നു ഭീഷണി സന്ദേശം എഴുതിയിരുന്നത്. സ്‌ഫോടനം ആദ്യ ആക്രമണം കൊച്ചിയില്‍ എന്നായിരുന്നു പെയിന്റ് കൊണ്ട് എഴുതിയിരുന്നത്. സുരക്ഷിത മേഖലയായ യാര്‍ഡില്‍ എങ്ങിനെ കടന്നുകയറി ഇത്തരത്തിലൊരു സന്ദേശം എഴുതി എന്നതാണ് ദുരൂഹത ഉയര്‍ത്തുന്നത്.

    സുരക്ഷാ ഉദ്യോഗസ്ഥരുടേയാ ക്യാമറകളുടേയോ കണ്ണില്‍പ്പെടാതെയാണ് ട്രെയിനിന് മുകളില്‍ സന്ദേശം എഴുതിയിരിക്കുന്നത്. സംഭവ ശേഷം, സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ പരിശോധിച്ചെങ്കിലും ഇങ്ങനെയൊരാള്‍ യാര്‍ഡില്‍ എത്തിയതായി വിവരമില്ല. 12 പോലീസുകാരുടെ കണ്ണുവെട്ടിച്ചാണ് യാര്‍ഡില്‍ എത്തിയിരിക്കുന്നത് എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്.

    ആലുവ മുട്ടം സ്റ്റേഷനിലും, അമ്പാട്ടുകാവിനും ഇടയിലാണ് മെട്രോ യാര്‍ഡ്. ഇതിന് ചുറ്റുമായി 10 അടി ഉയരമുള്ള മതില്‍കെട്ടുണ്ട്. ഇതിന് മുകളില്‍ കമ്പിവേലിയും ഉണ്ട്. 215 സുരക്ഷാ ഉദ്യോഗസ്ഥരാണ് മെട്രോയ്ക്ക് സുരക്ഷ ഒരുക്കുന്നത്.

    സംഭവത്തില്‍, പോലീസ് രാജ്യദ്രോഹത്തിനാണ് കേസ് എടുത്ത് അന്വേഷണം നടത്തുന്നത്. മെട്രോ ജീവനക്കാരുടെ അറിവോടെ, കുറ്റവാളി യാര്‍ഡില്‍ കടന്ന് കൃത്യം നിര്‍വ്വഹിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad