കിരണിന് ജീവപര്യന്തം ഉറപ്പാക്കാൻ പ്രോസിക്യൂഷൻ; പതിനൊന്ന് മണിക്ക് വാദം തുടങ്ങും
കൊല്ലം: നിലമേലിലെ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺകുമാറിന്റെ ശിക്ഷാ പ്രഖ്യാപനം ഇന്ന്. രാവിലെ പതിനൊന്ന് മണിയോടെ കൊല്ലം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ വാദം തുടങ്ങും. ഉച്ചയോടെ വിധി പ്രഖ്യാപിച്ചേക്കും.
കിരൺകുമാറിന് ജീവപര്യന്തം ശിക്ഷ നൽകണമെന്ന ആവശ്യമായിരിക്കും പ്രോസിക്യൂഷൻ ഉന്നയിക്കുക. പ്രായം പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകണമെന്നായിരിക്കും പ്രതിഭാഗത്തിന്റെ വാദം. കേസിൽ കിരൺ കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സ്ത്രീധന മരണം (304 ബി), സ്ത്രീധന പീഡനം (498 എ), ആത്മഹത്യാ പ്രേരണ (306), സ്ത്രീധന നിരോധന നിയമത്തിലെ സ്ത്രീധനം ആവശ്യപ്പെടൽ, സ്വീകരിക്കൽ എന്നീ വകുപ്പുകൾ പ്രകാരം കിരൺകുമാർ കുറ്റക്കാരനാണെന്നാണ് ജഡ്ജി കെ.എൻ.സുജിത്ത് കണ്ടെത്തിയത്.
മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടറായിരുന്ന കിരൺകുമാറിന്റെ വീട്ടിലെ കിടപ്പുമുറിയോട് ചേർന്നുള്ള ടോയ്‌ലെറ്റിൽ 2021 ജൂൺ 21നാണ് വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കിരണിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
കുറ്റങ്ങൾ, ലഭിക്കാവുന്ന ശിക്ഷ
സ്ത്രീധന മരണം (304 ബി) – ജീവപര്യന്തം തടവും പിഴയും, കുറഞ്ഞത് ഏഴ് വർഷം കഠിനതടവ്
സ്ത്രീധന പീഡനം (498 എ) – മൂന്ന് വർഷംവരെ കഠിനതടവും പിഴയും
ആത്മഹത്യാ പ്രേരണ (306) – പത്ത് വർഷംവരെ കഠിനതടവും പിഴയും
സ്ത്രീധനം ആവശ്യപ്പെടൽ – അഞ്ച് വർഷംവരെ തടവും പിഴയും
സ്ത്രീധനം സ്വീകരിക്കൽ – രണ്ട് വർഷംവരെ തടവും പിഴയും
(ശിക്ഷകൾ ഒന്നിച്ചനുഭവിക്കണോ എന്ന് കോടതിക്ക് തീരുമാനിക്കാം)
No comments
Post a Comment