റേഷൻകടകളിൽ അടുത്തമാസം മുതൽ ജയ അരി
തിരുവനന്തപുരം: മലയാളികള്‍ക്ക് പ്രിയപ്പെട്ട ജയ അരി റേഷന്‍കടകളിലേക്ക്. ഇതൊടൊപ്പം പൊതുവിപണിയില്‍ വിലക്കുറവില്‍ ലഭ്യമാക്കാനും സര്‍ക്കാര്‍ ശ്രമം തുടങ്ങി. വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഇടപെടുന്നതിന്റെ ഭാഗമായി അരി എത്തിക്കുന്നതിന് ആന്ധ്രാ സര്‍ക്കാരുമായി കേരളം ചർച്ച നടത്തിയിരുന്നു.
റേഷന്‍കടകളില്‍ വിതരണത്തിന് ജയ അരി അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയിലും കേരളം ആവശ്യപ്പെട്ടിരുന്നു. അനുകൂല നിലപാടെടുത്ത കേന്ദ്രമന്ത്രിയും ഉദ്യോഗസ്ഥരും ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ള അരി വിതരണം ചെയ്യാനുള്ള അനുമതി നല്‍കാമെന്ന് സമ്മതിച്ചു.
എഫ്.സി.ഐ. വഴി ലഭ്യമാക്കുന്ന ജയ അരി അടുത്തമാസംമുതല്‍ റേഷന്‍കടകളില്‍ വിതരണം ചെയ്യാനാകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. നിലവിലുള് വിലയ്ക്കുതന്നെ ജയ, സുരേഖ ഇനത്തില്‍പ്പെട്ട അരി നല്‍കും. പുഴുക്കലരിയും റോസ് മട്ട അരിയുമാണിപ്പോള്‍ നല്‍കുന്നത്. ബി.പി.എല്‍. വിഭാഗങ്ങള്‍ക്ക് രണ്ടുരൂപയും വെള്ളകാര്‍ഡുകാര്‍ക്ക് 10.90 രൂപയുമാണ് വില.
പൊതുവിപണിയില്‍ സിവില്‍ സപ്ലൈസിന്റെ കീഴിലുള്ള വില്‍പ്പന കേന്ദ്രങ്ങളില്‍ കിലോഗ്രാമിന് ഒരുരൂപയെങ്കിലും കുറച്ച് അരി ലഭ്യമാക്കുന്നതാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. രാജസ്ഥാന്‍, ഹരിയാണ, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്കുള്ള അരിയുടെ മുഖ്യഭാഗവും വരുന്നതെങ്കിലും ഉത്പാദനത്തിൽ മുന്തിയസ്ഥാനമുള്ള ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളെയാണ് ഇപ്പോള്‍ സമീപിച്ചിരിക്കുന്നത്.
സിവില്‍ സപ്ലൈസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആന്ധ്രയിലെത്തി സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. മുളകും ഇവിടുന്ന് വാങ്ങാനാണ് തീരുമാനം. മാവേലി സ്റ്റോറുകളും സപ്ലൈകോ വില്‍പ്പനശാലകളും വഴി മാസം അഞ്ച് കിലോഗ്രാമാണ് നല്‍കുന്ന അരിയുടെ അളവ്.
No comments
Post a Comment