ബാലമിത്ര പദ്ധതി: ജില്ലാതല പരിശീലനത്തിന് തുടക്കം
കുട്ടികളിലെ കുഷ്ഠരോഗം പ്രാരംഭത്തിൽ കണ്ടെത്താൻ ജില്ലാ മെഡിക്കൽ ഓഫീസും ജില്ലാ ലെപ്രസി യൂനിറ്റും സംയുക്തമായി നടപ്പാക്കുന്ന ബാലമിത്ര പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവ്വഹിച്ചു. ആരോഗ്യ വകുപ്പിലെ 40ഓളം ബ്ലോക്ക്തല ഉദ്യോഗസ്ഥർക്കാണ് തിങ്കളാഴ്ച പരിശീലനം നൽകിയത്. തുടർന്ന് പരിശീലനം നേടുന്ന അംഗൻവാടി വർക്കർമാർ കുട്ടികളുടെ മാതാപിതാക്കളെ ബോധവത്കരിക്കും. മാതാപിതാക്കൾ പരിശോധ നടത്തി കുട്ടികളിൽ രോഗം കണ്ടെത്തിയാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. ജൂൺ 15നകം അംഗൻവാടിതല ബോധവത്കരണം പൂർത്തിയാക്കും. രണ്ടാം ഘട്ടത്തിൽ സ്‌കൂൾ വിദ്യാർഥികളെ ലക്ഷ്യമിട്ട് അധ്യാപകർക്ക് പരിശീലനം നൽകും. ഇത്തരത്തിൽ ജില്ലയെ കുഷ്ഠ രോഗ മുക്തമാക്കുകയാണ് ലക്ഷ്യം.
പള്ളിക്കുന്നിലെ ജില്ലാ ടി ബി സെന്ററിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി ഡിഎംഒ ഡോ. എം പ്രീത അധ്യക്ഷത വഹിച്ചു. എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി കെ അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡി എം ഒ ആന്റ് ലെപ്രസി ഓഫീസർ ഡോ. വി പി രാജേഷ്, ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. ബി സന്തോഷ്, ജില്ലാ ടി ബി ഓഫീസർ ഡോ. ജി ആശ്വിൻ, ഐ സി ഡി എസ് ചൈൽഡ് ഡൈവലപ്മെന്റ് പ്രൊജക്ട് ഓഫീസർ പി ദിവ്യ, അസി. ലെപ്രസി ഓഫീസർ പി എം ആർ കുഞ്ഞിമായിൻ എന്നിവർ സംബന്ധിച്ചു.
No comments
Post a Comment