ചക്ക വില്ലൻ; കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിലേക്ക്
ചെറുപുഴ : കർണാടക വനാതിർത്തിയോട് ചേർന്ന് താമസിക്കുന്ന കുടുംബങ്ങൾക്ക് വില്ലനായി മാറിയിരിക്കുകയാണ് ചക്ക. കാട്ടാനകൾ ചക്ക തേടി കൂട്ടത്തോടെ കൃഷിയിടങ്ങളിലെത്തുന്നതാണ് ദുരിതം വിതയ്ക്കുന്നത്. 2 ആഴ്ചയായി ചെറുപുഴ പഞ്ചായത്തിലെ ചേനാട്ടുക്കൊല്ലി, രാജഗിരി ഇടക്കോളനി ഭാഗങ്ങളിൽ കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണ്. പഴുത്ത ചക്കയാണ് കാട്ടാനകൾക്ക് ഏറെ പ്രിയം. പ്ലാവിൽ നിന്ന് പറിച്ചെടുത്ത് ചവിട്ടി പൊട്ടിച്ച് തിന്നും. ഇതോടൊപ്പം തെങ്ങ്, കമുക് വാഴ തുടങ്ങിയവയുടെ കൃഷിയിടങ്ങൾ നശിപ്പിക്കുന്നു.
കാലാവസ്ഥാ വ്യതിയാനം മൂലം ഈ വർഷം വൈകിയാണ് ചക്ക ഉണ്ടായത്. ഇത് പാകമാകുമ്പോഴേക്കും മഴ തുടങ്ങി. ഇതോടെ ചക്ക കൂട്ടത്തോടെ പഴുത്ത് താഴെ വീഴാനും ആരംഭിച്ചു. ഇതോടെയാണ് കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ എത്താൻ തുടങ്ങിയത്. രോഗബാധ മൂലം കൃഷികൾ നശിക്കുകയും കാട്ടാനശല്യവും കൂടിയായതോടെ ഒട്ടേറെ കുടുംബങ്ങളാണ് അതിർത്തി പ്രദേശങ്ങളിൽ നിന്നും കുടിയിറങ്ങിയത്. ഇതോടെ ജനവാസവും കുറഞ്ഞു. നേരത്തെ ഒളിച്ച് വന്നിരുന്ന കാട്ടാനകൾ കഴിഞ്ഞ തവണ കാനംവയൽ-ഓടക്കൊല്ലി റോഡിലൂടെ നടന്നാണ് കൃഷിയിടങ്ങളിൽ എത്തിയത്.
No comments
Post a Comment