അഞ്ചുകൊല്ലമായി അതിജീവിതയ്‌ക്കൊപ്പം നിന്നവരാണ് സർക്കാറും മുഖ്യമന്ത്രിയും: റിമ കല്ലിങ്കൽ
നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്‌ക്കൊപ്പം ഇത്രയും കാലംനിന്ന സർക്കാരും മുഖ്യമന്ത്രിയുമാണ് നിലവിലുള്ളതെന്ന് നടി റിമ കല്ലിങ്കൽ. വേറൊരു സർക്കാരിന്റെ കാലത്തും ഇങ്ങനെയൊരു ഇടപെടലുണ്ടാകില്ല. കേസുമായി ബന്ധപ്പെട്ടുള്ള ആശങ്ക തീർക്കേണ്ട ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രിയെ കണ്ടത് വലിയ കാര്യമാണെന്നും റിമ പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വാഴക്കാലയിലെ നുസ്രത്തുൽ ഇസ്‌ലാം മദ്രസയിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയതായിരുന്നു അവർ.
ഒരു അതിജീവിത ഇത്രയും വലിയ പോരാട്ടം നടത്തുമ്പോൾ അവരുടെ ആശങ്ക പറയാൻ വേറൊരു പ്രത്യേക സാഹചര്യത്തിനു വേണ്ടി കാത്തിരിക്കണമെന്ന് താൻ പറയില്ലെന്നും റിമ പറഞ്ഞു. അവർക്ക് അതിനുള്ള എല്ലാ അവകാശവുമുണ്ട് ഈ രാജ്യത്ത്. അതുകൊണ്ട് അവർക്ക് പറയാനുള്ള സമയത്ത് പറയാം. സാഹചര്യം അങ്ങനെയായിരുന്നുവെന്നും റിമ പറഞ്ഞു.
”അതിന്റെ തൊട്ടുമുൻപായിരുന്നു യാദൃച്ഛികമായി എ.ഡി.ജി.പി മാറിയതടക്കമുള്ള സംഭവങ്ങളുണ്ടായത്. അതിന് അതിജീവിതയെ കുറ്റം പറയാൻ പറ്റില്ല. ഒരു അതിജീവിത അവരുടെ ആശങ്ക ഉയർത്താൻ പാടില്ല എന്നുണ്ടോ? അതൊരു രാഷ്ട്രീയ ചർച്ചയായി ഉയർന്നുവന്നപ്പോൾ അവർ കൃത്യമായി മുഖ്യമന്ത്രിയെ കണ്ട് ആശങ്കകൾ തീർക്കുകയും ചെയ്തിട്ടുണ്ട്.”
ഇത്രയും കാലമായി അതിജീവിതയുടെ കൂടെനിന്ന സർക്കാരാണ്. വേറൊരു സർക്കാരിന്റെ കാലത്തും ഈ രീതിയിലുള്ള ഇടപെടലുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. മുഖ്യമന്ത്രിയും സർക്കാരും അഞ്ചുകൊല്ലത്തോളമായി കൃത്യമായി ഒപ്പംനിൽക്കുന്ന സാഹചര്യത്തിൽ അങ്ങനെയൊരു ആശയക്കുഴപ്പമുണ്ടായിട്ടുണ്ടെങ്കിൽ അത് മുഖ്യമന്ത്രിയെ കണ്ട് തീർക്കേണ്ട ഉത്തരവാദിത്തം കൂടി അതിജീവിത ഏറ്റെടുത്തത് വലിയ കാര്യമായാണ് ഞാൻ കരുതുന്നത്. ഇതിനെ ഒരു രാഷ്ട്രീയതലത്തിലേക്ക് കൊണ്ടുപോകാതിരിക്കുന്നതാണ് നല്ലതെന്നാണ് തോന്നുന്നത്. അതിജീവിത അത് ഉദ്ദേശിച്ചിട്ടില്ല. അക്കാര്യം ഞാൻ അവരോട് സംസാരിച്ച് വ്യക്തത വരുത്തിയതാണ്-റിമ കൂട്ടിച്ചേർത്തു.
No comments
Post a Comment