വിദ്യാര്‍ഥികളെ കയറ്റിയില്ലെങ്കില്‍ ബസ്സുടമ പെടും; പരിശോധനയ്ക്ക് എം.വി.ഡി.യും പോലീസും
സ്റ്റോപ്പില്‍ വിദ്യാര്‍ഥികളെ കണ്ടാല്‍ ഇവര്‍ ഡബിള്‍ ബെല്ലടിക്കുക, ബസ്സില്‍ കയറ്റാതിരിക്കുക, ബസ്സില്‍ കയറിപ്പറ്റിയാല്‍ മോശമായ പെരുമാറ്റം, കണ്‍സെഷന്‍ ആവശ്യപ്പെടുമ്പോള്‍ അപമാനിക്കുക, ശാരീരികമായി ഉപദ്രവിക്കുക എന്നീ സംഭവങ്ങളുണ്ടായാല്‍ വിദ്യാര്‍ഥികള്‍ മോട്ടോര്‍ വാഹനവകുപ്പിലോ പോലീസിലോ പരാതി നല്‍കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ ഒട്ടേറെ ബസ്സുകള്‍ക്ക് പിഴയും താക്കീതും നല്‍കി. ബസ്സുകളുടെ ഫിറ്റ്‌നെസും ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് ഉള്‍പ്പെടെയുള്ളവ പരിശോധിച്ചതില്‍ മിക്ക ജീവനക്കാരും കൃത്യമായ രേഖകളില്ലാതെയാണ് സര്‍വീസ് നടത്തുന്നതെന്ന് കണ്ടെത്തി. കൃത്യമായ രേഖകളില്ലാത്ത 25ഓളം ബസ്സുകള്‍ക്ക് പിഴ ചുമത്തി. മാസ്‌ക് ധരിക്കാതെ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും പിഴ ചുമത്തി. ചിന്നക്കട ബസ് ബേ, ക്ലോക്ക് ടവര്‍, ഹൈസ്‌കൂള്‍ ജങ്ഷന്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
കണ്‍സെഷന്‍ അവകാശമാണ്
സ്വകാര്യ ബസ്സുകളിലും കെ.എസ്.ആര്‍.ടി.സി.യിലും സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന സൗജന്യ നിരക്കില്‍ യാത്ര ചെയ്യാന്‍ വിദ്യാര്‍ഥികള്‍ക്ക് അവകാശമുണ്ട്. പ്ലസ്ടുതലം വരെയുള്ള വിദ്യാര്‍ഥികള്‍ യൂണിഫോമിലാണെങ്കില്‍ സ്വകാര്യ ബസ്സുകളില്‍ നിബന്ധനകള്‍ക്ക് വിധേയമായി കണ്‍സെഷന്‍ അനുവദിക്കണം. കൂടാതെ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍നിന്ന് ലഭിക്കുന്ന ഐഡന്റിറ്റി കാര്‍ഡുള്ള വിദ്യാര്‍ഥികള്‍ക്കും കണ്‍സെഷന്‍ നല്‍കണം. സ്‌കൂള്‍ പ്രവൃത്തി ദിവസങ്ങളിലെല്ലാം ഇതു ബാധകമാണ്.
പരാതി നല്‍കാന്‍ ഭയം വേണ്ടാ
സ്‌കൂള്‍ തുറന്നതോടെ വിദ്യാര്‍ഥികളില്‍നിന്ന് ലഭിക്കുന്ന പരാതിയുടെ വ്യാപ്തി അനുസരിച്ച് മോട്ടോര്‍ വാഹനവകുപ്പ് ഇനി കേസ് ഫയല്‍ ചെയ്യും. പിഴ ചുമത്തുന്നതുമുതല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദു ചെയ്യുന്ന നടപടിവരെ ഉണ്ടാകും. കണ്‍സെഷന്റെ പേരില്‍ ബസില്‍ വച്ച് അവഹേളിക്കപ്പെട്ടാലോ മറ്റു പരാതികള്‍ക്കോ വിദ്യാര്‍ഥികള്‍ 8547639002 എന്ന നമ്പരില്‍ അറിയിക്കണം
പരാതി കിട്ടിയാല്‍ നടപടി
രാവിലെയും വൈകീട്ടും സ്വകാര്യ ബസ്സുകളില്‍ വിദ്യാര്‍ഥികളുടെ യാത്ര സുഗമമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള പരാതി കിട്ടിയാല്‍ ഉടന്‍ കേസെടുക്കും.
No comments
Post a Comment