അഴിമതിയുടെ വേര് ആര് അറുക്കും; പൊലീസിലും 'ആര്‍ത്തിപ്പണ്ടാരങ്ങള്‍'!, ഇടനിലക്കാരായി പ്ലഗ്ഗുകളും..
കണ്ണൂര്‍: ജില്ലയിലെ ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരുടെ അഴിമതി ആഭ്യന്തരവകുപ്പിന് തലവേദനയാകുന്നു.മയക്കുമരുന്ന് കേസിലെ പ്രതിയുടെ വാഹനം വിട്ടുകൊടുക്കുന്നതിനായി കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ പഴയങ്ങാടി സ്‌റ്റേഷനിലെ സി.ഐ.ഇ.രാജഗോപാലന്‍, പ്രിന്‍സിപ്പല്‍ എസ്.ഐ പി.ജെ.ജിമ്മി, ഇപ്പോള്‍ പയ്യന്നൂര്‍ ഗ്രേഡ് എസ്.ഐയായ ശാര്‍ങ്‌ഗധരന്‍ എന്നിവരെ ഐ.ജി അശോക് യാദവ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തതാണ് കൂട്ടത്തില്‍ അവസാനത്തെ സംഭവം.
കോടതിയില്‍ ഹാജരാക്കിയാല്‍ വിട്ടുകിട്ടാന്‍ പ്രയാസപ്പെടുന്ന അവസ്ഥയില്‍ മയക്കുമരുന്ന് കേസിലെ പ്രതിയുടെ വാഹനം വിട്ടുകൊടുക്കുന്നതിനായി ഇടനിലക്കാരന്‍ മുഖേനെ 60,000 രൂപ വാങ്ങിയെന്ന പരാതിയിലാണ് ഈ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് അച്ചടക്കനടപടി നേരിടേണ്ടിവന്നത്. പഴയങ്ങാടിയില്‍ മണല്‍കടത്ത്, മറ്റുകുറ്റകൃത്യങ്ങള്‍ എന്നിവയ്ക്കു പിടിയിലാകുന്ന വാഹനങ്ങള്‍ വിട്ടുനില്‍ക്കാന്‍ ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണത്തില്‍ പയ്യന്നൂര്‍ ഡിവൈ.എസ്.പി അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയതുമാണ്.
ഇവിടെ പ്ലഗുകളുണ്ടേ....
വിജിലന്‍സ് പിടിയില്‍ പെടാതിരിക്കാന്‍ ഇടനിലക്കാര്‍ മുഖേനെ കൈക്കൂലി വാങ്ങുന്നതാണ് പുതിയ രീതി. സ്‌റ്റേഷനുകളിലെ പ്ലഗുകളെന്നാണ് ഇടനിലക്കാരുടെ ഓമനപ്പേര്. തളിപ്പറമ്ബ് പൊലീസ് പിടികൂടിയ മണല്‍ലോറി തൊണ്ടിവസ്തുവായി സൂക്ഷിക്കുന്നതിനു പകരം ആക്രിവിലയ്ക്കു തൂക്കിവിറ്റത് നേരത്തെ വിവാദമായിരുന്നു. ഇതിന്റെ ഇടനിലക്കാരന്‍ തന്നെയാണ് പഴയങ്ങാടിയിലും ഇരുകൂട്ടര്‍ക്കുമിടയില്‍ നിന്നത്. വാഹനം കേസില്ലാതെ വിട്ടുകിട്ടാന്‍ മയക്കുമരുന്ന് ഇടപാടുകാരനോട് തളിപ്പറമ്ബ് സ്വദേശിയായ ഇടനിലക്കാരന്‍ അറുപതിനായിരം വാങ്ങി 30,000രൂപ സി. ഐയ്ക്കും മറ്റുള്ളവര്‍ക്കും വീതിച്ചു നല്‍കുകയായിരുന്നത്രെ. പാതിയും അടിച്ചുമാറ്റിയ വിവരം പുറത്തറിഞ്ഞതോടെയാണ് വിവരം പുറത്തുവന്നതും പയ്യന്നൂര്‍ ഡിവൈ. എസ്. പി വകുപ്പുതല അന്വേഷണമാരംഭിച്ചതും.
പാസ്‌പോര്‍ട്ടിന് കുപ്പി
കഴിഞ്ഞ മാസമാണ് പാസ്‌പോര്‍ട്ട് വെരിഫിക്കേഷനായി എത്തിയ പുതിയങ്ങാടി സ്വദേശിയോട് ഒരുകുപ്പി വിദേശമദ്യവും ആയിരം രൂപ കൈക്കൂലിയും ആവശ്യപ്പെട്ട പഴയങ്ങാടി പൊലിസ് സ്‌റ്റേഷനിലെ എ.എസ്.ഐ രമേശനെ വിജിലന്‍സ് പിടികൂടിയത്.മാസങ്ങള്‍ക്കു മുന്‍പാണ് മണല്‍ കടത്ത് ലോബിക്കും അവര്‍ക്ക് എസ് കോര്‍ട്ടു പോകുന്ന സംഘത്തിനും പട്രോളിംഗ് സംഘത്തിന്റെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ സിവില്‍ പൊലീസ് ഓഫിസര്‍ അനില്‍കുമാറിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. രാത്രികാല പട്രോളിംഗ് പണം കൊയ്യാനുള്ള അവസരമാക്കുകയാണ് പലയിടത്തും. പുതിയങ്ങാടിയില്‍ നിന്നും ഇരുതലമൂരിയുമായി പിടികൂടിയ ആഡംബര ബൈക്ക് വിട്ടുകൊടുക്കുന്നതിനായി കൈക്കൂലി വാങ്ങിയെന്ന വിവരവും ഇതിനിടയില്‍ പുറത്തുവന്നിട്ടുണ്ട്.
കൈക്കൂലി ഗൂഗിള്‍ പേ ചെയ്യാം
മാന്യമായ ശമ്ബളമുണ്ടായിട്ടും ആര്‍ത്തിപണ്ടാരങ്ങളായി മാറിയ ഒരു വിഭാഗം കളങ്കം വരുത്തുന്നതായി സേനയില്‍ തന്നെ അഭിപ്രായമുണ്ട്. ബിനാമികളുടെ പേരില്‍ ഗൂഗിള്‍പേ ചെയ്യിക്കുന്നവരും ആക്സിഡന്റ് കേസുകള്‍ ഒതുക്കി തീര്‍ക്കുന്നതിന് ഇന്‍ഷൂറന്‍സ് കമ്ബനികളെ സഹായിക്കുന്നവരും പ്രതികളുടെ എ.ടി.എം അടിച്ചുമാറ്റി പണം തട്ടുന്നവരുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. മണല്‍ക്കടത്തും മയക്കുമരുന്നുമെന്നുവേണ്ട തീവ്രവാദകേസുകള്‍ വരെ ഒതുക്കി കൊടുക്കുന്ന മിടുക്കന്‍മാര്‍ സേനയിലുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളും ഓഹരിവിപണിയില്‍ ഷെയറുകളും ബിനാമിചിട്ടികളുമടക്കം കോടികളുടെ സമ്ബാദ്യമുള്ളവരാണ് ഇവരില്‍ പലരും.
No comments
Post a Comment