ആശങ്കയായി കോവിഡ് വീണ്ടും ഉയരുന്നു; മൂന്നു മാസത്തിന് ശേഷം ടിപിആർ പത്തിന് മുകളിൽ
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു. കഴിഞ്ഞ അഞ്ചു ദിവസമായി ആയിരത്തിലേറെ പേരാണ് പ്രതിദിനം രോഗബാധിതരാകുന്നത്. ഇന്നലെ മാത്രം 1,544 പേര്‍ക്കാണ് രോഗം ബാധിച്ചത്. 11.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ). മൂന്ന് മാസത്തിന് ശേഷമാണ് ടിപിആർ പത്തിനു മുകളിൽ എത്തുന്നത്. നാല് മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ പത്തു ദിവസത്തിനിടെ പ്രതിദിന രോഗികളുടെ എണ്ണവും ടിപിആറും ഇരട്ടിയായി. ഏപ്രിൽ പകുതിയോടെ പ്രതിദിന രോഗബാധിതരുടെ എണ്ണം 200ൽ താഴെയെത്തിയിരുന്നു. അതിനു ശേഷം ഇപ്പോഴാണ് കേസുകൾ വീണ്ടും കുതിച്ചുയരുന്നത്. നിലവിൽ 7972 പേരാണ് ചികിത്സയിലുള്ളത്. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കൂടുതൽ പേർ ചികിത്സയിൽ കഴിയുന്നതും ഇവിടെ തന്നെ.
കോവിഡിന്റെ ഒമിക്രോണ്‍ വകഭേദമാണ് സംസ്ഥാനത്ത് പടരുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. വേഗം പടരുമെങ്കിലും വാക്സിന് സ്വീകരിച്ചവരില്‍ രോഗം ഗുരുതരമാകുന്നില്ലെന്നതാണ് ആശ്വാസം. പനിലക്ഷണങ്ങൾ ഉള്ളവർ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.
കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് കത്തയച്ചിരുന്നു. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദേശം. മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, തെലുങ്കാന എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍.
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ 31 ശതമാനവും കേരളമാണ് സംഭാവന ചെയ്യുന്നത്. മഹാരാഷ്ട്രയാണ് കേരളത്തിന് പിന്നിലായുള്ളത്, 23.19 ശതമാനം. തമിഴ്നാട് (3.13), തെലങ്കാന (1.78) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.
No comments
Post a Comment