സർക്കാർ ജോലി കിട്ടിയതിന് ഭാര്യയുടെ കൈ അറുത്ത് ഭർത്താവ്: ഒളിവിൽ പോയത് മുറിച്ച കൈ ഒളിപ്പിച്ച ശേഷം
കൊൽക്കത്ത : ഭാര്യക്ക് സർക്കാർ ജോലി കിട്ടിയതിന് ഭർത്താവിന്റെ കൊടുംക്രൂരത. ഭർത്താവ് യുവതിയുടെ കൈ അറുത്തുകളഞ്ഞു. ഷേർ മുഹമ്മദ് എന്നയാളാണ് ഭാര്യ രേണു കാതൂണിന്റെ കൈ വെട്ടിക്കളഞ്ഞത്. യുവതിക്ക് സർക്കാർ ആശുപത്രിയിൽ നഴ്‌സ് ആയി ജോലി കിട്ടിയതിന് പിന്നാലെയാണ് ഭർത്താവിന്റെ ക്രൂരത. സംഭവത്തിന് പിന്നാലെ, യുവാവിന്റെ വീട്ടുകാരും ഒളിവിൽ പോയിരിക്കുകയാണ്.
തൊഴിൽ രഹിതനായിരുന്ന ഷേർ മുഹമ്മദ്, തന്റെ ഭാര്യയ്‌ക്ക് ജോലി ലഭിച്ചാൽ അവൾ തന്നെവിട്ട് പോകുമോയെന്ന് ഭയന്നിരുന്നു. അതുകൊണ്ട് തന്നെ, അപ്പോയിന്റ്‌മെന്റ് ലെറ്റർ സ്വീകരിക്കരുതെന്ന് ഇയാൾ താക്കീത് ചെയ്തിരുന്നു. ഇത് വകവെയ്‌ക്കാതെ രേണു ജോലി ചെയ്യാൻ തീരുമാനിച്ചതോടെയാണ് ഭർത്താവ് ഈ ക്രൂരത ചെയ്തത്.
പശ്ചിമ ബംഗാളിലെ തെക്കൻ ബുർദ്വാൻ ജില്ലയിൽ കെതുഗ്രാമിലാണ് സംഭവം. കൈ അറുത്ത ശേഷം ഇവരെ യുവാവ് തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മുറിച്ച് കളഞ്ഞ കൈകൾ കൂട്ടിച്ചേർക്കാതിരിക്കാൻ വീട്ടിൽ ഒളിപ്പിച്ച് വെച്ച ശേഷമാണ് ഇയാൾ ഭാര്യയെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഇയാൾ ആശുപത്രിയിൽ നിന്ന് മുങ്ങിയതായാണ് വിവരം.
തലയണയിൽ കൈകൾ അമർത്തി വെച്ചശേഷം വെട്ടിക്കളയുകയായിരുന്നു എന്ന് ഭാര്യ പോലീസിനോട് പറഞ്ഞു. പോലീസ് ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ ക്രൂരതയിൽ കുടുംബത്തിനും പങ്കുണ്ടോയെന്ന് അന്വേഷിക്കും.
No comments
Post a Comment