കാർഷിക അടിസ്ഥാന സൗകര്യ നിധിയിൽ നിന്നും കൂടുതൽ തുക ലഭ്യമാക്കും: കൃഷിമന്ത്രി
തിരുവനന്തപുരം : കേന്ദ്ര സർക്കാർ ആവിഷ്കരിച്ച് സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന കാർഷിക അടിസ്ഥാന സൗകര്യ നിധി (അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട്) ൽ നിന്നും കൂടുതൽ തുക കേരളത്തിന് ലഭ്യമാക്കുന്ന വിധം തുടർ നടപടികൾ സ്വീകരിക്കുമെന്ന് കൃഷിമന്ത്രി പി.പ്രസാദ്. കോവിഡ് ഇന്ത്യയിലെ കാർഷികമേഖലയെ പുഷ്ടിപ്പെടുത്തുവാൻ ആരംഭിച്ച ഈ പദ്ധതിയിൽ നിന്ന് കൂടുതൽ തുക ലഭ്യമാക്കുവാൻ പല കാരണങ്ങളാൽ കേരളത്തിന് സാധിച്ചിട്ടില്ല എന്നും ഈ പദ്ധതി പ്രകാരം കേരളത്തിന് ലഭ്യമാകുവാൻ സാധ്യതയുള്ള 2520 കോടി രൂപയും പദ്ധതി കാലയളവിൽ തന്നെ ലഭ്യമാക്കുവാൻ ആവശ്യമായ നടപടികൾ കൈക്കൊണ്ടു കഴിഞ്ഞു എന്നും മന്ത്രി അറിയിച്ചു. കൃഷി ഡയറക്ടറേറ്റ് കേന്ദ്രീകരിച്ച് ഒരു പ്രോജക്ട് മോണിറ്ററിംഗ് യൂണിറ്റ് ആരംഭിച്ചു. ജില്ലാ തലത്തിൽ പതിനാല് ജില്ലകളിലെ പ്രവർത്തനം ഏകോപിപ്പിക്കാൻ 6 സോണൽ കോഡിനേറ്റർ മാരുടെയും നിയമിച്ചു കഴിഞ്ഞു.
ജില്ലാ കൃഷി ഓഫീസർമാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 83 വർക് ഷോപ്പുകളിൽ കൂടി ഉരുത്തിരിഞ്ഞുവന്ന 30 പ്രൊജക്ട് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 47.16 കോടി രൂപ വായ്പ വിതരണം ചെയ്യുവാൻ സാധിച്ചിട്ടുണ്ട്. സെപ്റ്റംബർ 30 ന് മുൻപ് ആയിരം കോടി രൂപ വായ്പ ലഭ്യമാക്കുവാനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത് ജില്ലാ കൃഷി ഓഫീസർമാർക്ക് ഇതിനായി ലക്ഷ്യം കൈവരിക്കേണ്ട തുക നിർണയിച്ച് നൽകി കഴിഞ്ഞു. പ്രോജക്ട് മോണിറ്ററിങ് സെൽ ജില്ലാ അടിസ്ഥാനത്തിൽ കൂടുതൽ ശില്പശാലകൾ ഇക്കാര്യത്തിൽ നൽകും. ബാങ്ക് പ്രതിനിധികളുമായി ചർച്ച ചെയ്ത് സംസ്ഥാന അടിസ്ഥാനത്തിലും ജില്ലാ അടിസ്ഥാനത്തിലും സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. തുക ലഭ്യമാക്കാൻ ഇതര വകുപ്പുകളുമായി സഹകരിച്ചുള്ള പദ്ധതികൾ സമർപ്പിക്കും.
കേരള സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്ന് കൂൺകൃഷി, ലംബ കൃഷി, ഹൈഡ്രോപോണിക്സ്, എയറോപോണിക്സ്, പോളിഹൗസ്, ഗ്രീൻഹൗസ് തുടങ്ങിയ പദ്ധതികൾ കൂടി ഏറ്റെടുക്കുവാൻ മെയ് മാസം കേന്ദ്രാനുമതി ലഭ്യമായിട്ടുള്ളതിനാൽ ഈ മേഖലയിൽ കൂടുതൽ പദ്ധതികൾ ഏറ്റെടുക്കും. ബാങ്കുകൾ 9% വരെ പലിശ നിരക്കാണ് ഈ വായ്പയ്ക്ക് ഈടാക്കുന്നതെങ്കിലും 3% സർക്കാർ ഇളവ് ഈ വായ്പയിൻമേൽ ലഭ്യമാകുന്നുണ്ട്. കൂടുതൽ ഇളവ് ബാങ്ക് ഈടാക്കുന്ന പലിശയിൽ ഉണ്ടാകണമെന്ന് എല്ലാ ബാങ്കുകളോടും അഭ്യർത്ഥിച്ചിട്ടുണ്ട്. കാർഷിക മേഖലയിലെ പൊതുമേഖലാസ്ഥാപനങ്ങൾ ഈ ഫണ്ട് പരമാവധി ലഭ്യമാക്കാനുള്ള നിർദ്ദേശം നൽകി കഴിഞ്ഞു. കേരള സ്റ്റേറ്റ് വെയർ ഹൗസിംഗ് കോർപ്പറേഷൻ ഇക്കാര്യത്തിലുള്ള തുടർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഫാർമേഴ്‌സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എഫ് പി ഒ ) കൾക്ക് ഈ പദ്ധതി വഴി കൂടുതൽ തുക ലഭ്യമാക്കാനുള്ള സാധ്യതയും സർക്കാർ തലത്തിൽ പരിശോധിച്ചു വരുന്നു. പദ്ധതി പുരോഗതി എല്ലാ ആഴ്ചയിലും വിലയിരുത്തുവാൻ കാർഷികോല്പാദന കമ്മീഷണർ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ സംസ്ഥാനതല ജില്ലാതല നോഡൽ ഓഫീസർ മാരെയും പദ്ധതി ഏകോപിപ്പിക്കാൻ ആയി നിയമിച്ചു കഴിഞ്ഞു.
No comments
Post a Comment