Header Ads

  • Breaking News

    മികച്ച ജാഗ്രതാ സമിതികൾക്ക് വനിതാ കമ്മിഷൻ പുരസ്‌കാരം നൽകും



    സംസ്ഥാനത്തെ ജാഗ്രതാ സമിതി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗ്രാമ, മുനിസിപ്പൽ, കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത് തലങ്ങളിലെ മികച്ച ജാഗ്രതാ സമിതികൾക്ക് കേരള വനിതാ കമ്മിഷൻ പുരസ്‌കാരം നൽകുമെന്ന് കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. ജാഗ്രതാ സമിതികളുടെ ഊർജിതമായ പ്രവർത്തനത്തിലൂടെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള അതിക്രമങ്ങൾക്ക് താഴെത്തട്ടിൽതന്നെ പരിഹാരം കാണാനാകുമെന്നും  അഡ്വ. പി. സതീദേവി പറഞ്ഞു. കേരള വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ വാർഡ് തല ജാഗ്രതാ സമിതി പരിശീലനം വെള്ളയമ്പലം പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കമ്മിഷൻ അധ്യക്ഷ.

     
    തിരുവനന്തപുരം കോർപ്പറേഷന്റെ നൂറ് വാർഡുകളിലും ജാഗ്രതാസമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചതായും ഒരു വാർഡിൽ രണ്ട് വീതം പരാതിപ്പെട്ടികൾ സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും അധ്യക്ഷത വഹിച്ച മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. ഡെപ്യൂട്ടി മേയർ പി.കെ.രാജു മുഖ്യാതിഥിയായിരുന്നു.

      വിവിധ സ്റ്റാൻഡിങ് കമ്മിറ്റികളുടെ ചെയർപേഴ്‌സൺമാരായ എൽ.എസ്.ആതിര, പി. ജമീലാ ശ്രീധരൻ, ഡി.ആർ.അനിൽ, ജിഷാജോൺ, സിന്ധു വിജയൻ, നഗരസഭാ കക്ഷി നേതാക്കളായ എം.ആർ.ഗോപൻ, പി.പദ്മകുമാർ കമ്മിഷൻ പബ്ലിക് റിലേഷൻസ് ഓഫീസർ ശ്രീകാന്ത് എം.ഗിരിനാഥ് എന്നിവർ ആശംസകൾ അർപ്പിച്ചു. പരിശീലനത്തിൽ പങ്കെടുത്ത ജാഗ്രതാ സമിതി അംഗങ്ങൾക്ക് കേരള വനിതാ കമ്മിഷൻ മുൻ ലോ ഓഫീസർ അഡ്വ. പി.ഗിരിജ ക്ലാസ്സെടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്.സലിം സ്വാഗതവും കേരള വനിതാ കമ്മിഷൻ പ്രൊജക്ട് ഓഫീസർ എൻ.ദിവ്യ നന്ദിയും പറഞ്ഞു.


    No comments

    Post Top Ad

    Post Bottom Ad