Header Ads

  • Breaking News

    ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: ബീച്ചിലെ വിനോദങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം



    തിരുവനന്തപുരം: വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരളാ തീരത്ത് ഞായറാഴ്ച വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച രാത്രി 11.30 വരെ മൂന്ന് മീറ്റര്‍ മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.

    മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണമെന്നും കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകടമേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍േദ്ദേശാനുസരണം മാറി താമസിക്കണമെന്നും ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകടങ്ങള്‍ ഒഴിവാക്കും. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

    അതേസമയം, ഞായറാഴ്ച അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ഇതിനിടെ വടക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കുപടിഞ്ഞാറ് ദിശയില്‍ ന്യൂനമര്‍ദ്ദം സഞ്ചരിച്ചേക്കും. തുടര്‍ന്ന് പടിഞ്ഞാറ് ദിശയിലൂടെ നീങ്ങി ഒമാന്‍ തീരത്തേക്ക് ന്യൂനമര്‍ദ്ദം നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

     

    No comments

    Post Top Ad

    Post Bottom Ad