Header Ads

  • Breaking News

    കാണാതായ വിദ്യാർഥി തട്ടിക്കൊണ്ടുപോയ ആൾക്കൊപ്പം പിതാവിന്റെ മുന്നിൽപെട്ടു



    കോഴിക്കോട്/ മലപ്പുറം:
    അഞ്ചു ദിവസം മുൻപ് പുത്തനത്താണിയിൽ നിന്നു കാണാതായ 15 വയസ്സുകാരനെ അപ്രതീക്ഷിതമായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽവച്ചു ബന്ധുക്കൾക്കു തിരിച്ചുകിട്ടി. കുട്ടിയെയും തട്ടിക്കൊണ്ടുപോയ ആളെയും കുട്ടിയുടെ പിതാവ് കാണുകയായിരുന്നു. കൂടെയുണ്ടായിരുന്ന കാസർകോട് ചെങ്കള വീട്ടിൽ അബ്ബാസിനെ (47) പൊലീസിലേൽപിച്ചു.
    പെരുന്നാൾ അവധി കഴിഞ്ഞു 18ന് ആണു കുട്ടി താനൂരിലെ വീട്ടിൽനിന്നു ഓട്ടോയിൽ സ്കൂളിലേക്കു പോയത്. കുട്ടി തിരിച്ചെത്താത്തിനെത്തുടർന്ന് പൊലീസിൽ പരാതി നൽകി. ട്രെയിനിൽ പോയിരിക്കാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ പിതാവും ബന്ധുക്കളും കണ്ണൂർ മുതൽ തിരൂർവരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
    ഇന്നലെ തിരച്ചിലിന്റെ ഭാഗമായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തി. ഉച്ചയ്ക്ക് രണ്ടോടെ റെയിൽവേ സ്റ്റേഷൻ കവാടത്തിനരികിൽ നിൽക്കുമ്പോൾ കുട്ടിയുടെ കയ്യിൽ പിടിച്ച് ഒരാൾ തിരക്കിട്ടു പോകുന്നതു പിതാവിന്റെ ശ്രദ്ധയിൽപെട്ടു.
    മകനാണെന്നു തിരിച്ചറിഞ്ഞതോടെ കൊണ്ടുപോകുന്നയാളെ തടഞ്ഞു നിർത്തി. എവിടേക്കു പോകുന്നുവെന്നു ചോദിച്ചപ്പോൾ, കുട്ടിയുടെ അമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്നും അങ്ങോട്ടു പോകുന്നെന്നുമായിരുന്നു മറുപടി. ടൗൺ സ്റ്റേഷനിൽ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി കുട്ടിയെയും അബ്ബാസിനെയും കസ്റ്റഡിയിലെടുത്തു.
    മുൻപ് കൊടുവള്ളിയിൽ പഠിച്ചപ്പോൾ പരിചയപ്പെട്ട കൂട്ടുകാരന്റെ വീട്ടിൽ ഒരു ദിവസം തങ്ങിയ ശേഷം തിരിച്ചു കോഴിക്കോട്ടുനിന്നു ട്രെയിനിൽ താനൂരിലേക്കു വരുമ്പോഴാണു കുട്ടിയെ അബ്ബാസ് പിടികൂടിയതെന്നു പൊലീസ് പറഞ്ഞു. അബ്ബാസിനെതിരെ കുട്ടിയെ തട്ടിക്കൊണ്ടു പോയതിനു കേസെടുത്തു. അന്വേഷണത്തിനു ശേഷം മറ്റു വകുപ്പുകൾ ചുമത്തുന്നതു തീരുമാനിക്കുമെന്നു പൊലീസ് അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad