മാനസിക-ബൗദ്ധിക വെല്ലുവിളി നേരിടുന്ന വനിതകൾക്കായി ‘പ്രിയ ഹോം’ തുറന്നു കൊടുത്തു
സംസ്ഥാന സാമൂഹ്യനീതി വകുപ്പ് വിഭാവനം ചെയ്യുന്ന സംയോജിത പുനരധിവാസഗ്രാമം പദ്ധതിയിൽ ആദ്യത്തേതായി, മാനസിക-ബൗദ്ധിക വെല്ലുവിളി നേരിടുന്ന വനിതകൾക്കായി, ആരംഭിച്ച 'പ്രിയ ഹോം' പുനരധിവാസകേന്ദ്രം നാടിന് സമർപ്പിച്ചു. കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ വെളിയം കായിലയിൽ നിർമ്മിച്ച 'പ്രിയ ഹോം' ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു.
തങ്ങളുടെ കാലശേഷം ഭിന്നശേഷിക്കാരായ മക്കളുടെ സംരക്ഷണത്തെച്ചൊല്ലിയുള്ള രക്ഷിതാക്കളുടെ ഏറ്റവും വലിയ ആശങ്കയ്ക്കുള്ള പരിഹാരമാണ് പ്രിയ ഹോം പോലുള്ള പുനരധിവാസ കേന്ദ്രങ്ങൾ എന്ന് മന്ത്രി ആർ. ബിന്ദു വ്യക്തമാക്കി.
മാനസിക-ബൗദ്ധിക വെല്ലുവിളി നേരിടുന്നവരെ സംരക്ഷിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഒരു ചെറിയ കാൽവയ്പ്പ് മാത്രമാണ് ഇത്. ഭിന്നശേഷിയുള്ള ഒട്ടേറെ കുഞ്ഞുങ്ങൾക്ക് താങ്ങും തണലുമായി നിൽക്കേണ്ടത് സാമൂഹ്യനീതി വകുപ്പിന്റെ ബാധ്യതയാണെന്നും പലതരത്തിലുള്ള പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്ന കുഞ്ഞുങ്ങൾക്ക് ആവശ്യമായ കേന്ദ്രം തയ്യാറാക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി ആർ.ബിന്ദു പറഞ്ഞു.
ബഹു.ധനകാര്യമന്ത്രി ശ്രീ. കെ എൻ ബാലഗോപാൽ അധ്യക്ഷനായ ചടങ്ങിൽ എ ഡി എം ആർ.ബീനാകുമാരി, ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ ആർ പ്രദീപൻ തുടങ്ങിയവർ പങ്കെടുത്തു. പ്രാരംഭഘട്ടത്തിൽ 15 വനിതകളുടെ സംരക്ഷണവുമായാണ് പ്രിയ ഹോം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി കമലാസനൻ വകുപ്പിന് വിട്ടുനൽകിയ സ്ഥലവും കെട്ടിടവും നവീകരിച്ചാണ് പ്രിയ ഹോം ഒരുക്കിയത്. കമലാസനൻ - സരോജിനി ദമ്പതിമാരുടെ മാനസിക വെല്ലുവിളി നേരിടുന്ന മകൾ പ്രിയയുടെ സംരക്ഷണാർത്ഥം കൂടിയാണ് ഇവർ സ്ഥലവും കെട്ടിടവും സർക്കാരിന് കൈമാറിയത്.
No comments
Post a Comment