Header Ads

  • Breaking News

    അങ്കണവാടികൾ അടിപൊളി; പഠനം രസിച്ച് കുഞ്ഞുങ്ങൾ



    എൽ സി ഡി പ്രൊജക്ടറിന്റെ സഹായത്തോടെയുള്ള ആധുനിക പഠന രീതികൾ . അക്ഷരങ്ങളും നിറങ്ങളും കാടും മൃഗങ്ങളുമെല്ലാം കൺമുന്നിലെ സ്‌ക്രീനിൽ കണ്ട് രസിക്കാനും  പഠിക്കാനുമുള്ള അവസരം. ലാപ്ടോപ്പും പ്രൊജക്ടറും നൽകുന്ന പദ്ധതിയിലൂടെ അങ്കണവാടിയെന്ന പഴയ സങ്കൽപ്പം അടിമുടി മാറ്റുകയാണ് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്. പാപ്പിനിശ്ശേരിയിൽ 19 അങ്കണവാടികളാണുള്ളത്. ഇതിൽ ആറ് എണ്ണം സ്മാർട്ടും ഒമ്പത് എണ്ണം ഹൈടെക്കുമാണ്. നിറപ്പകിട്ടാർന്ന ചുവരുകൾ, ഇന്ററാക്ടീവ് ബോർഡ്, നോട്ടീസ് ബോർഡ്, ഡിജിറ്റൽ തെർമോമീറ്റർ, ഓട്ടോമാറ്റിക്ക് സാനിറ്റെസർ ഡിസ്പെൻസർ, ടെലിവിഷൻ, ഫാൻ, കളിക്കോപ്പുകളോട് കൂടിയ കളിസ്ഥലം, ശിശുസൗഹൃദ ശുചിമുറി തുടങ്ങിയവയാണ് സ്മാർട്ട് അങ്കണവാടികളിൽ ഉള്ളത്. ഈ പദ്ധതിക്ക് പുറമെയാണ് മുഴുവൻ അങ്കണവാടികളിലും പ്രൊജക്ടർ, സ്‌ക്രീൻ, സ്പീക്കർ എന്നിവ നൽകി ഹൈടെക്കാക്കുന്നത്. പാറക്കൽ, പാപ്പിനിശ്ശേരി വെസ്റ്റ്, കരിക്കൻകുളം, റെയിൽവേഗേറ്റ്, കാട്ട്യം എന്നീ അങ്കണവാടികൾക്ക് ലാപ്ടോപ്പും പ്രൊജക്ടറും നൽകി കഴിഞ്ഞു. ബാക്കിയുള്ളവക്ക് ഉടൻ നൽകും. 4.2 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ വി സുശീല പറഞ്ഞു. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്താൻ മുഴുവൻ അങ്കണവാടികൾക്കും അഞ്ച് സ്‌കൂളുകൾക്കും വാട്ടർ പ്യൂരിഫയറും ഗ്രാമപഞ്ചായത്ത് നൽകിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad