ഓൺലൈൻ റമ്മി: പ്രചാരകരായ താരങ്ങൾക്കെതിരെ 'പൊങ്കാല
നിരവധിപേരെ ആത്മഹത്യയിലേക്ക് നയിച്ചെന്ന് പരാതിയുള്ള ഓൺലൈൻ റമ്മികളിയുടെ പ്രചാരകരാവുന്ന നടീ നടന്മാർക്കെതിരെ വ്യാപക പ്രതിഷേധം.പണംവെച്ചുള്ള ഓൺലൈൻ റമ്മികളി വീണ്ടും നിരോധിക്കാൻ സർക്കാർ നിയമ ഭേദഗതിക്ക് നടപടികളാരംഭിച്ചിരിക്കെയാണ് സമൂഹ മാധ്യമങ്ങളിൽ ഇതിന്‍റെ പ്രചാരകരായ താരങ്ങൾക്കെതിരെ കടുത്ത പ്രതിഷേധമുയരുന്നത്.
നടനും സംവിധായനുമായ ലാൽ, ഗായകരായ വിജയ് യേശുദാസ്, റിമി ടോമി തുടങ്ങിയവർക്കെതിരെയാണ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാടസ്ആപ്പ് എന്നിവിടങ്ങളിൽ കൂടുതൽ വിമർശനമുള്ളത്. യുവാക്കളെ ആത്മഹത്യയിലേക്ക് നയിക്കുന്ന ഓൺലൈൻ റമ്മികളിയുടെ പ്രചാരകരാവുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് പ്രധാന ആവശ്യം. ബഹിഷ്കരണ കാമ്പയിനുകളും സമൂഹ മാധ്യമങ്ങളിലെ പ്രധാന ഗ്രൂപ്പുകളിൽ സജീവമാണ്
ജനങ്ങൾ താരങ്ങളാക്കിയവർ ലക്ഷങ്ങൾ കൈപ്പറ്റി കൊല്ലാക്കൊലയിലേക്ക് നയിക്കുന്നുവെന്നാണ് പ്രധാന വിമർശനം. ലാൽ അഭിനയിച്ച '8,850 രൂപ സ്വാഗത ബോണസ്' ലഭിക്കുമെന്നുള്ള ഫേസ്ബുക്കിലെ റമ്മി പരസ്യത്തിന്റെ കമന്‍റ് ബോക്സിൽ റമ്മികളിയിൽ ജീവൻ നഷ്ടമായവരുടെ വാർത്തകളും വ്യാപകമായി പങ്കുവെക്കുന്നുണ്ട്. ദിവസവും പത്തും ലക്ഷംവരെ നേടാമെന്ന് വാഗ്ദാനം ചെയ്താണ് വിദ്യാർഥികളടക്കമുള്ളവരെ കമ്പനികൾ ഇതിലേക്കാകർഷിക്കുന്നത്
ചൂതാട്ടത്തിന്റെ പ്രചാരകരാവുന്ന കായികതാരങ്ങൾ, ഇതര ഭാഷകളിലെ നടീനടന്മാർ എന്നിവർക്കെതിരെയും പ്രതിഷേധമുണ്ട്. എന്നാൽ, പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ് താരങ്ങൾ. അതേസമയം ആത്മഹത്യകൾ വർധിക്കുകയും വിവിധ കോണുകളിൽ നിന്ന് വിമർശനമുയരുകയും ചെയ്തതോടെ, റമ്മി പരസ്യത്തിൽ അഭിനയിച്ച കൊച്ചിയിലെ മത്സ്യതൊഴിലാളി 'ഓൺലൈൻ റമ്മി കളിച്ച് കാശുകാരനായിട്ടില്ലെന്നും ആരും കളിക്കരുതെന്നും പരസ്യമായി പറഞ്ഞ് രംഗത്തുവന്നിട്ടുണ്ട്.കോവിഡ് കാലത്താണ് ഓൺലൈൻ റമ്മികളി സംസ്ഥാനത്ത് സജീവമായത്ലക്ഷക്കണക്കിനാളുകൾ ഭാഗമായ റമ്മി കളിയിൽ ഓരോ ദിവസവും കോടികളാണ് മറിയുന്നതെന്നും ഇതിനടിമപ്പെട്ട് മരിച്ചവരിൽ 40 ലക്ഷം നഷ്ടമായ മാധ്യമ പ്രവർത്തകനും വീട്ടമ്മയുമെല്ലാമുണ്ടെന്നുമാണ് പൊലീസ് തന്നെ പറയുന്നത്. 2021 ഫെബ്രുവരിയിൽ പണംവെച്ചുള്ള റമ്മികളി സംസ്ഥാനത്ത് സർക്കാർ നിരോധിച്ചെങ്കിലും നടത്തിപ്പുകാരായ കമ്പനി കോടതിയെ സമീപിച്ചതോടെ നിരോധനം റദ്ദാവുകയായിരുന്നു. ഓൺലൈൻ ചൂതാട്ടത്തിനടിമകളായി നിരവധിപേർ ആത്മഹത്യ ചെയ്തതോടെയാണ് സർക്കാർ തലത്തിൽ വീണ്ടുമിപ്പോൾ നിരോധന നീക്കം ഊർജിതമാക്കിയത്
ലക്ഷങ്ങൾ നഷ്ടമായെന്നും യുവതീയുവാക്കൾ വിഷാദത്തിലായെന്നും ചൂണ്ടിക്കാട്ടി നിരവധി പരാതി ലഭിച്ചതോടെ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് റമ്മി നിരോധനം സംബന്ധിച്ച ശിപാർശ ആഭ്യന്തരവകുപ്പിന് നൽകുകയായിരുന്നു.ഈ ഫയലിപ്പോൾ നിയമവകുപ്പിന്റെ പരിഗണനയിലാണ്. 1960 ലെ കേരള ഗെയിമിങ് ആക്ടിലെ സെക്ഷൻ -മൂന്നിൽ ഭേദഗതി വരുത്തി നിരോധിക്കാനാണിപ്പോൾ ആലോചന. ഇതിനകം സ്കൂൾ വിദ്യാർഥികളടക്കം ഇരുപത് പേർ ഓൺലൈൻ റമ്മി കളിക്ക് അടിമപ്പെട്ട് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തു എന്നാണ് പൊലീസിന്റെ കണക്ക്.
No comments
Post a Comment