മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ 34 ദിവസം നീണ്ടു നിൽക്കുന്ന യാനം കഥകളി മഹോത്സവത്തിന് തിരിതെളിഞ്ഞു
ഇരിട്ടി: മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ 34 ദിവസം നീണ്ടു നിൽക്കുന്ന യാനം 2022 കഥകളി മഹോത്സവത്തിന് തിരിതെളിഞ്ഞു. പത്മശ്രീ ഡോ . കലാമണ്ഡലം ഗോപിയാശാൻ, മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ, സിനിമാ നിർമ്മാതാവ് ഗോകുലം ഗോപാലൻ തുടങ്ങി നിരവധി വിശിഷ്ട വ്യക്തിത്വങ്ങൾ നിറഞ്ഞ വേദിയേയും സദസ്സിനെയും സാക്ഷിയാക്കി ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനാണ് ഒരു മാസത്തിലേറെ നീണ്ടുനിൽക്കുന്ന മഹോത്സവത്തിന് തിരിതെളിച്ചത്.
ശ്രീകോവിലിൽ നിന്നും ക്ഷേത്രം മേൽശാന്തി കൊളുത്തി കൊണ്ടുവന്ന ദീപത്തിൽ നിന്നും വേദിയിലെ നിലവിളക്കിലേക്ക് മന്ത്രി അഗ്നി പകരുകയായിരുന്നു.
കൂത്തമ്പലങ്ങളിൽ ഒതുങ്ങി നിന്ന കലകളെ ജനമദ്ധ്യത്തിലേക്ക് ഇറക്കി കൊണ്ടുവരാൻ കഥകളി മഹോത്സവം പോലുള്ള ഇടപെടലുകൾക്ക് സാധിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.
കഥകളിയെ പ്രോത്സാഹിപ്പിക്കാൻ വലിയ തോതിലുള്ള പ്രയത്നമാണ് കലാമണ്ഡലം നടത്തിക്കൊണ്ടിരിക്കുന്നത്. കഥകളിക്ക് പുറമേ യുനസ്കോ അംഗീകരിച്ച കൂടിയാട്ടവും കേരളത്തിന്റെ മറ്റ് കലാരൂപങ്ങളായ കൂത്തും, തുള്ളലും എല്ലാം വികസിച്ച് മുന്നോട്ടു പോകണമെങ്കിൽ ഇതുപോലുള്ള ഇടപെടലുകൾ ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു.
സണ്ണി ജോസഫ് എം എൽ എ അദ്ധ്യക്ഷത വഹിച്ചു. യാനം ഫെസ്റ്റിവെൽ ഡയറക്ടർ കലാമണ്ഡലം മനോജ് പദ്ധതി വിശദീകരിച്ചു. വേദിയിൽ വെച്ച് കഥകളിയിലെ സമഗ്ര സംഭാവനയ്ക്കുള്ള യാനം 2022 ശ്രീ പോർക്കലി പുരസ്‌കാരം കലാമണ്ഡലം ഗോപിയാശാനും , കോട്ടയത്ത് തമ്പുരാൻ സ്മൃതി മൃദംഗ ശൈലേശ്വരി പുരസ്‌കാരം മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്കും സമർപ്പിച്ചു.
മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ എ.എൻ. നീലകണ്ഠൻ, കേരളം കലാമണ്ഡലം വൈസ് ചാൻസലർ ഡോ. എം. വി. നാരായണൻ, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു, തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി, വാർഡ് മെമ്പർ വനജ, മലബാർ ദേവസ്വം ബോർഡ് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.കെ. മധു, തലശ്ശേരി ഏരിയാ കമ്മിറ്റി ചെയർമാൻ ടി.കെ. സുധി, ബോർഡ് തലശ്ശേരി അസി. കമ്മീഷണർ ബൈജു, സതീശൻ തില്ലങ്കേരി, പി. രാജേന്ദ്രൻ, ഡോ. സദനം ഹരികുമാർ, എം. മനോഹരൻ, എൻ. പങ്കജാക്ഷൻ, എം. കെ. പ്രഭാകരൻ തുടങ്ങിയവർ സംബന്ധിച്ചു . യാനം സംഘാടക സമിതി ചെയർമാൻ എ.കെ. മനോഹരൻ സ്വാഗതവും കൺവീനർ രേണുകാ രവിവർമ്മ ചിറക്കൽ കോവിലകം നന്ദിയും പറഞ്ഞു.
കഥകളിയുടെ ചരിത്രം പിറന്ന മൃദംഗ ശൈലേശ്വരീ ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് സരസ്വതീ മണ്ഡപത്തിനോട് ചേർത്തൊരുക്കിയ വിശാലമായ പന്തലിലാണ് യാനം കഥകളി മഹോത്സവം അരങ്ങേറുന്നത്. ലോക ചരിത്രത്തിൽ ആദ്യമായാണ് ആയിരത്തിലധികം കഥകളി കലാകാരന്മാർ ഒന്നിച്ചണിനിരക്കുന്ന കഥകളിയുമായി ബന്ധപ്പെട്ട ഇത്തരം ഒരു മഹോത്സവം നടക്കുന്നതെന്ന് സംഘടകർ പറയുന്നത് .
കഥകളി കൂടാതെ ചാക്യാർ കൂത്ത്, ഓട്ടൻതുള്ളൽ, നങ്യാർകൂത്ത് തുടങ്ങിയ കേരളത്തിലെ തനത് കലാരൂപങ്ങൾക്കും മഹോത്സവം വേദിയാകും. സെപ്തംബർ 16 ന് മഹോത്സവം സമാപിക്കും.
No comments
Post a Comment