കെഎസ്ഇബിയുടെ പേരില്‍ തട്ടിപ്പ്; വീട്ടമ്മയ്ക്ക് 3500 രൂപ നഷ്ടമായെന്ന് പരാതി
കോഴിക്കോട് കെഎസ്ഇബിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. വൈദ്യുതി ബില്ല് അടച്ചില്ലെന്ന് പറഞ്ഞ് മുക്കം സ്വദേശിനിയില്‍ നിന്നും പണം തട്ടുകയായിരുന്നു. 3500 രൂപ നഷ്ടമായെന്നാണ് പരാതി. കാഞ്ഞിരമുഴി പറശ്ശേരിപ്പറമ്പില്‍ കല്ലൂര്‍ വീട്ടില്‍ ഷിജിയാണ് തട്ടിപ്പിനിരയായത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ശനിയാഴ്ച രാവിലെ വൈദ്യുതി ബില്‍ അടച്ചിട്ടില്ലെന്നും പണമടയ്ക്കാന്‍ ഒരു നമ്പറില്‍ വിളിക്കണമെന്നും പറഞ്ഞ് ഷിജിയുടെ ഫോണിലേക്ക് ഒരു സന്ദേശം വന്നിരുന്നു. തുടര്‍ന്ന് വൈകുന്നേരത്തോടെ ആ നമ്പറിലേക്ക് ഷിജി തിരിച്ച് വിളിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി കൊണ്ടാണ് ഒരാള്‍ ഫോണില്‍ സംസാരിച്ചത്.
തുടര്‍ന്ന് ഒരു അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ അയാള്‍ ആവശ്യപ്പെട്ടു. കൂടാതെ പത്ത് രൂപ അയക്കാനും പറഞ്ഞു. ശേഷം ഫോണിലേക്ക് വന്ന ഒ.ടി.പി. തിരിച്ചയക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നെയും തുടരെത്തുടരെ ഫോണിലേക്ക് ഒടിപി വന്നുകൊണ്ടിരുന്നു.
ഇതേ തുടര്‍ന്ന് സംശയം തോന്നിയ ഷിജി ബന്ധുവിന്റെ സഹായത്തോടെ അക്കൗണ്ട് ബാലന്‍സ് പരിശോധിച്ചപ്പോഴാണ് 3500 രൂപ നഷ്ടമായത് അറിഞ്ഞത്. പണം നഷ്ടപ്പെട്ടെന്ന് മനസ്സിലായതിനെ തുടര്‍ന്ന് മുക്കം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
No comments
Post a Comment