വയനാട് -കണ്ണൂര്‍ വിമാനത്താവളം റോഡിന്റെ അലൈന്‍മെന്റിന് അംഗീകാരം;കല്ലിടൽ സെപ്റ്റംബറിൽ
ഇരിട്ടി: മലയോര മേഖലയില്‍ ഗതാഗതരംഗത്തും വികസനത്തിലും വലിയ മാറ്റമുണ്ടാക്കുന്ന വയനാട് -കണ്ണൂര്‍ വിമാനത്താവളം റോഡിന്റെ അലൈന്‍മെന്റിന് അംഗീകാരം.
സണ്ണിജോസഫ് എംഎല്‍എ വിളിച്ചു ചേര്‍ത്ത പേരാവൂര്‍ മണ്ഡലത്തിലെ മാരാമത്ത് റോഡുകളുടെ അവലോകന യോഗത്തില്‍ പൊതുമരാമത്ത് അധികൃതരാണ് വിമാനത്താവളം റോഡിന്റെ അലൈന്‍മെന്റിന് അംഗീകാരം ലഭിച്ചതായി അറിയിച്ചത്.
റോഡിന്റെ അതിര്‍ത്തി നിര്‍ണയിക്കുന്നതിനായുള്ള കല്ലിടല്‍ പ്രവര്‍ത്തി സെപ്റ്റംബര്‍ പകുതിയോടെ ആരംഭിക്കും. ഇതിനുശേഷമാണ് റോഡ് നിര്‍മാണം തുടങ്ങുക. മാനന്തവാടിയില്‍ നിന്ന് ബോയ്സ് ടൗണ്‍ വരെ 12 കിലോമീറ്റര്‍ ദൂരം വയനാട് ജില്ല മരാമത്ത് വിഭാഗത്തിന്റെ നേതൃത്വത്തില്‍ മലയോര ഹൈവേ പദ്ധതിയില്‍പ്പെടുത്തി പ്രവൃത്തി തുടങ്ങി. 100 കോടി ചെലവിലാണ് നിര്‍മാണം.
രണ്ടാം റീച്ചില്‍ ബോയ്സ് ടൗണ്‍ മുതല്‍ അമ്ബായത്തോട് വരെ ആറു കിലോമീറ്റര്‍ മലയോര ഹൈവേ പദ്ധതിയില്‍ തന്നെപ്പെടുത്തി കണ്ണൂര്‍ ജില്ലാ വിഭാഗത്തിന്റെ കീഴിലും പ്രവൃത്തി നടത്തും. 35 കോടിയുടെ പ്രവൃത്തിക്ക് ഉടന്‍ ഭരണാനുമതി ലഭിക്കും. ഏഴു മീറ്റര്‍ വീതിയില്‍ ടാറിംഗും ബാക്കി കോണ്‍ക്രീറ്റും നടത്തും. അമ്ബായത്തോട് മുതല്‍ മട്ടന്നൂര്‍ വരെ 40 കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് നിര്‍മിക്കാന്‍ 1700 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 900 കോടി രൂപ സ്ഥലം ഏറ്റെടുപ്പിനും പുനരധിവാസത്തിനുമായി വകയിരുത്തും. 800 കോടി രൂപ റോഡ് നിര്‍മാണത്തിനായി ചെലവഴിക്കും. 24 മീറ്റര്‍ വീതിയിലാണ് റോഡ്. 18 മീറ്റര്‍ ടാറിംഗും ഉണ്ടാകും. കേളകം -പേരാവൂര്‍ -മാലൂര്‍ ടൗണുകള്‍ക്ക് സമാന്തരമായി ബൈപാസും നിര്‍മിച്ചായിരിക്കും വയനാട്- കണ്ണൂര്‍ വിമാനത്താവള പാത കടന്നുപോകുക.
വള്ളിത്തോട് -മണത്തണ മലയോര ഹൈവേ റോഡ് നിലവാരം മെച്ചപ്പെടുത്തല്‍ പ്രവൃത്തിക്ക് ഇരിക്കൂര്‍ കണ്‍സഷനുമായി കരാര്‍ ഉറപ്പിച്ചു. 25 കിലോമീറ്റര്‍ ദൂരം 57 കോടിക്കാണ് നവീകരണ പ്രവൃത്തി നടത്തുന്നത്. ഒക്ടോബറില്‍ പ്രവൃത്തി ആരംഭിക്കും. അയ്യപ്പന്‍കാവ് -ഹാജി റോഡ് രണ്ടര കിലോമീറ്റര്‍ ദൂരം അഞ്ചുകോടി മുടക്കി നടത്തുന്ന പ്രവൃത്തി ആരംഭിച്ചു. കേളകം -അടയ്ക്കാത്തോട് റോഡ് മൂന്നുകോടി രൂപയുടെ പ്രവൃത്തിക്ക് ടെന്‍ഡര്‍ വിളിച്ചു. ഒരു മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മൂന്നുകോടി ചെലവഴിച്ചുള്ള പുന്നാട് -മീത്തലെ പുന്നാട് മൂന്ന് കിലോമീറ്റര്‍ റോഡ് പ്രവൃത്തി അവസാനഘട്ടത്തിലാണ്. മേഖലയിലെ 25 റോഡുകളുടെ അറ്റകുറ്റ പ്രവൃത്തി ഒരു വര്‍ഷത്തേക്ക് നടത്തുന്നതിന് 155 ലക്ഷം രൂപ അനുവദിച്ചു. അപകടാവസ്ഥയിലായ മരങ്ങള്‍ മുറിക്കാത്തതും കെഎസ്ടിപി റോഡുകളുടെ ഓവുചാല്‍ കാര്യക്ഷമമല്ലാത്തതും പേരാവൂര്‍ ടൗണില്‍ നടപ്പാതയുടെ സ്ലാബുകള്‍ പൊട്ടി ആളുകള്‍ താഴെ വീഴുന്നതിനുമെതിരേയോഗത്തില് പരാതിഉയര്‍ന്നു.
എംഎല്‍എയ്ക്കു പുറമെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വേലായുധന്, കെ. സുധാകരന്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. വേണുഗോപാല്‍, ആന്റണീസ് സെബാസ്റ്റ്യന്‍, സി.ടി. അനീഷ്, റോയ് നമ്ബുടാകം, കെ.പി. രാജേഷ്, പി.രജനി, കുര്യാച്ചന് പൈമ്ബളിക്കുന്നേല്, ഇരിട്ടി നഗരസഭാ വൈസ് ചെയര്മാന് പി.പി. ഉസ്മാന്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജൂബിലി ചാക്കോ, ലിസി ജോസഫ്, വി. ഗീത, എന്‍ജിനിയര്‍മാരായ എം. ജഗദീഷ്, ഷാജി തയ്യില്‍, ഷിബു കൃഷ്ണരാജ്, പി. സജിത്ത്, കെ. ആശിഷ് കുമാര്‍, ജി.എസ്. ജ്യോതി, കെ.പി. പ്രദീപന്, കെ.എം. ഹരീന്ദ്രന്‍, പി.വി. പ്രസാദ്, റസിനാല് അലി, പഞ്ചായത്ത് സെക്രട്ടറിമാരായ ടി.ഡി. തോമസ്, വി. രാമചന്ദ്രന്, രമേഷ് ബാബു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
No comments
Post a Comment