ഉരുൾ കടന്ന് ജീവിതത്തിന്റെ പച്ചപ്പിലേക്ക് അർഷൽ
ഉരുൾപൊട്ടലിന്റെ ഉഗ്രശബ്ദം കേട്ട് കാട്ടിലേക്ക് ഓടിയ എട്ടുവയസുകാരനായ അർഷൽ തിരിച്ചുകയറിയത് ജീവിതത്തിലേക്ക്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് കോളയാട് പഞ്ചായത്തിലെ ചെക്യേരി പൂളക്കുണ്ട് പട്ടികവർഗ കോളനിയിൽ ഉരുൾപൊട്ടലുണ്ടായത്. കനത്ത മഴയ്ക്കിടെ ഉഗ്രശബ്ദം കേട്ടതോടെ അർഷലും കുടുംബവും കാട്ടിലേക്ക് ഓടുകയായിരുന്നു. സമീപത്തെ മറ്റു മൂന്നു കുടുംബങ്ങളും കൂടെയുണ്ടായിരുന്നെങ്കിലും കനത്ത മഴയും ഇരുട്ടും അർഷലിന്റെ വഴി തെറ്റിച്ചു. ഇതോടെ അർഷൽ കാട്ടിൽ ഒറ്റപ്പെടുകയായിരുന്നു. തനിച്ചായായത് കണക്കാക്കാതെ ജീവരക്ഷാർഥം അർഷൽ കാട്ടിലേക്ക് ഓടിക്കയറി. ഇതിനിടെ കുഴിയിൽ വീണും മരത്തിനിടിച്ചും നിസാര പരുക്കുകളുമേറ്റു. ഇതൊന്നും വകവെക്കാതെ ആ എട്ടുവയസുകാരൻ കാട്ടിൽതന്നെ അഭയം തേടി. രണ്ടുമണിക്കൂറിലേറെയാണ് നാലാം ക്ലാസ് വിദ്യാർഥിയായ അർഷൽ കണ്ണവത്തെ കൊടുംവനത്തിൽ ഒറ്റയ്ക്ക് അലഞ്ഞത്. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ അർഷലിനെ കുടുംബാംഗങ്ങൾ കണ്ടെത്തി. അർഷലിന്റെ വീടിന്റെ ഇരുവശങ്ങളിൽ കൂടെയാണ് ഉരുൾപൊട്ടലിൽ വെള്ളം കുത്തിയൊലിച്ചത്. ശബ്ദം കേട്ടയുടൻ കുടുംബങ്ങൾ വീടു വിട്ടതിനാലാണ് ചെക്യേരി കോളനിയിൽ വൻദുരന്തം ഒഴിവായത്. വീടുകൾ വാസയോഗ്യമല്ലാതായതോടെ അർഷലും കുടുംബവും നിലവിൽ പെരിന്തോടേ് വേക്കളം എയുപി സ്‌കൂളിലെ ദുരുതാശ്വാസ ക്യാംപിലാണ്. സുരേഷ്-രേഷ്മ ദമ്പതികളുടെ മകനായ അർഷൽ കൊമ്മേരി ഗവ. യുപി സ്‌കൂളിലെ വിദ്യാർഥിയാണ്. ദുരിതാശ്വാസ ക്യാംപ് സന്ദർശിച്ച മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അർഷലിൽ നിന്നു വിവരങ്ങൾ ആരാഞ്ഞു.
No comments
Post a Comment