ദില്ലിയിലും ഓപ്പറേഷന്‍ താമര? എഎപി എംഎല്‍എമാരെ ബന്ധപ്പെടാന്‍ പറ്റുന്നില്ലെന്ന് റിപ്പോര്‍ട്ട്
ദില്ലി: ദില്ലിയിലും ബിജെപി ഓപ്പറേഷന്‍ താമരയ്ക്കുള്ള നീക്കം നടത്തുന്നുവെന്ന് ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. എഎപി എംഎല്‍എമാരെ ബന്ധപ്പെടാന്‍ പറ്റുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ 11 മണിക്ക് എംഎല്‍എമാരുടെ യോഗം വിളിച്ചിരുന്നു. ഇതിനിടെയാണ് എംഎല്‍എമാരെ ബന്ധപ്പെടാന്‍ സാധിക്കാത്തത്. സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി ശ്രമിക്കുന്നെന്ന് എഎപി നേരത്തെ ആരോപിച്ചിരുന്നു.
ആം ആദ്മി പാർട്ടി പിളർത്താന്‍ കൂട്ടു നിന്നാല്‍ മുഖ്യമന്ത്രി പദം നല്‍കാമെന്ന് ബിജെപി നേതാക്കൾ വാഗ്ദാനം നല്‍കിയതടക്കമുള്ള ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ആരോപണം കത്തുന്നതിനിടെയാണ് ബിജെപിക്കെതിരെ പുതിയ ആരോപണം ഉയരുന്നത്. മദ്യനയ കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തുടരുന്നതിനിടെയാണ് ബിജെപിക്കെതിരെ മനീഷ് സിസോദിയ ഗുരുതര ആരോപണമുയർത്തിയത്. ആംആദ്മി പാർട്ടിയെ പിളർത്താന്‍ ഒപ്പം നിന്നാല്‍ മുഖ്യമന്ത്രിപദം നല്‍കാമെന്നും, കേസുകളില്‍ നിന്ന് ഒഴിവാക്കാമെന്നും ബിജെപിയില്‍നിന്നും വാഗ്ദാനം ലഭിച്ചതായാണ് സിസോദിയ വെളിപ്പെടുത്തിയത്.
മദ്യനയ കേസില്‍ സിബിഐയും, ഇഡിയും നടപടികള്‍ കടുപ്പിക്കുമ്പോഴാണ് പിന്നിലെ രാഷ്ട്രീയ ഇടപെടല്‍ പൊളിക്കുന്നുവെന്ന പരോക്ഷ സന്ദേശവുമായി മനീഷ് സിസോദിയ ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. 'ആംആദ്മി പാര്‍ട്ടി വിടുക, ബിജെപിയില്‍ ചേരുക' എന്ന സന്ദേശം കിട്ടിയെന്ന് പറഞ്ഞ സിസോദിയ, ആംആദ്മി പാർട്ടിയെ പിളർത്താന്‍ കൂട്ടുനിന്നാല്‍ മുഖ്യമന്ത്രി പദം നല്‍കാമെന്നും വാഗ്ദാനം ലഭിച്ചെന്നും എന്നാൽ താനെന്നും കെജ്‍രിവാളിനൊപ്പമുണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു.
No comments
Post a Comment