കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ 100 വെടിയുണ്ടകൾ പിടികൂടി
ഇരിട്ടി: കൂട്ടുപുഴ കിളിയന്തറ എക്സൈസ് ചെക്ക് പോസ്റ്റിൽ കർണ്ണാടക ട്രാൻസ്പോർട്ട് ബസ്സിൽ നിന്ന് 100 വെടിയുണ്ടകൾ പിടികൂടി. ബുധനാഴ്ച രാവിലെ എക്സൈസ് ഇൻസ്പെക്ടർ കെ.പി. ഗംഗാധരൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് കർണ്ണാടകത്തിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന കർണ്ണാടക ആർ ടി സി ബസ്സിൽ നിന്നും നാടൻ തോക്കിൽ ഉപയോഗിക്കുന്ന വെടിയുണ്ടകൾ പിടികൂടിയത്. പത്ത് പാക്കറ്റുകളിലായി ഉടമസ്ഥനില്ലാത്ത നിലയിലായിരുന്നു ഇവ ഉണ്ടായിരുന്നത്. . പിടിച്ചെടുത്ത വെടിയുണ്ടകൾ തുടർ നടപടികൾക്കായി ഇരിട്ടി പൊലിസിന് കൈമാറി. പൊലിസ് കേസെടുത്ത് അന്വോഷണം ആരംഭിച്ചു. വന്യമൃഗങ്ങളെ വേട്ടയാടുന്നതിനായി ഉപയോഗിക്കുന്ന നാടൻ തോക്കിൽ ഉപയോഗിക്കുന്നതിനായി കൈമാറാനായി കൊണ്ടുവരികയായിരുന്ന തിരകളെന്നാണ് അനുമാനം. പ്രിവൻ്റീവ് ഓഫിസർമാരായ പി. പ്രമോദൻ, ഇ.സി. ദിനേശൻ, സിവിൽ എക്സൈസ് ഓഫിസർമാരായ സതീഷ് വിളങ്ങാട്ട് ഞാലിൽ, രാഗിൽ എന്നിവരും തിരകൾ പിടികൂടിയ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
No comments
Post a Comment