ജീവാണു വളം നിർമിച്ച് ചപ്പാരപ്പടവിലെ കർഷക കൂട്ടായ്മകൾ
ഭാരതീയ പ്രകൃതി കൃഷി-സുഭിക്ഷം സുരക്ഷിതം പദ്ധതിയിലൂടെ ജീവാണു വളം നിർമിച്ച് മാതൃകയാവുകയാണ് ചപ്പാരപ്പടവിലെ ഒരു കൂട്ടം കർഷകർ. കൃഷിഭവന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ കർഷകർക്കാവശ്യമായ ജൈവവളം പഞ്ചായത്തിൽ തന്നെ ഉൽപ്പാദിപ്പിക്കുകയാണ് ഇവർ.
സ്വാഭാവിക കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്.
2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇതിനായി 1,81,600 രൂപ മാറ്റിവെച്ചിരുന്നു. പെരുമ്പടവ്, എരുവാട്ടി പ്രദേശങ്ങളിലെ രണ്ട് ജൈവകർഷക കൂട്ടായ്മകളാണ് പ്രകൃതിക്ക് അനുയോജ്യമായ ജൈവവളം ഉൽപാദിപ്പിക്കുന്നത്. ഓരോ ഗ്രൂപ്പിനും 87,500 രൂപയാണ് കൃഷി ഭവൻ മുഖേന സഹായം നൽകിയത്.
ഇതിനു പുറമെ ഹരിത കഷായം, ഫിഷ് അമിനോ ആസിഡ് എന്നിവയും നിർമിക്കുന്നു. ഈ വർഷം കൂടുതൽ കർഷകർ വളം നിർമാണത്തിലേക്ക് തിരിയുന്നുണ്ട്. ജനകീയാസൂത്രണ പദ്ധയിൽ ഉൾപ്പെടുത്തി കർഷകർക്ക് കൂടുതൽ ആനുകൂല്യം നൽകാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്.
മൂന്ന് മാസം കൊണ്ടാണ് ജീവാണു വളം തയ്യാറാക്കുന്നത്. ആറ് തട്ടുകളുള്ള ഒരു കൂനയിൽ നാലര ടണ്ണോളം വളമുണ്ടാകും. നാല് തൊഴിലാളികൾ ചേർന്നാണ് വളമൊരുക്കുക. ജീവാണുക്കൾ, ചകിരിച്ചോറ്, കോഴിക്കാഷ്ഠം, സ്ലെറി, ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, ഫോസ്‌ഫേറ്റ് എന്നിവ ഉപയോഗിച്ചാണ് ഈ വളം ഉണ്ടാക്കുന്നത്. പ്രതിവർഷം എട്ട് ടൺ വളം പഞ്ചായത്തിൽ ഉൽപാദിപ്പിക്കുന്നുണ്ട്. എല്ലാതരം വിളകൾക്കും ഉപയോഗിക്കാവുന്നതിനാൽ വളത്തിന് ആവശ്യക്കാർ ഏറെയാണ്. പത്ത് സെന്റ് ഭൂമിക്ക് അഞ്ച് കിലോഗ്രാം ജീവാണു വളമാണ് ഉപയോഗിക്കുക. പഞ്ചായത്ത് പരിധിയിലെ മിക്ക കർഷകരും ഗുണമേന്മയുള്ള ഈ വളം തന്നെയാണ് ഉപയോഗിക്കുന്നത്.
No comments
Post a Comment