പരിയാരത്ത് മോഷണ പരമ്പര; വീണ്ടും പൂട്ടിയിട്ട വീട്ടിൽ മോഷണം.
പരിയാരം:;മോഷ്ടാക്കൾ വിലസുന്ന പരിയാരം സ്റ്റേഷൻ പരിധിയിൽ വീണ്ടും വീട് കുത്തിതുറന്ന് കവർച്ച. പിലാത്തറ കൈരളി നഗറിലെ റിട്ട.ബി.എസ്എൻ എൽ.ഉദ്യോഗസ്ഥൻ എം.നാരായണന്റെ (70) വീട്ടിലാണ് മോഷണം. വീടിന്റെ പിൻവശത്തെ അടുക്കള വാതിൽ കുത്തിതുറന്ന് അകത്ത് കയറിയ മോഷ്ടാവ് മുറികളിലെ സാധന സാമഗ്രികൾ വാരിവലിച്ചിടുകയും അലമാരയിൽ സൂക്ഷിച്ച 30,000 രൂപ കവർന്നു. സ്വർണ്ണാഭരണങ്ങൾ രഹസ്യമായി സൂക്ഷിച്ചു വെച്ചതിനാൽ മോഷ്ടാവിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.
ഇക്കഴിഞ്ഞ 14 ന് നാരായണനും ഭാര്യയും മാംഗ്ലൂരിൽ താമസിക്കുന്ന മകളുടെ അടുത്തേക്ക് വീടും പൂട്ടി പോയതായിരുന്നു. ഇന്നലെ ഉച്ചയോടെ നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽ മോഷണം നടന്നത് കണ്ടത്.തുടർന്ന് പരിയാരം പോലീസിൽ പരാതിനൽകുകയായിരുന്നു. കേസെടുത്ത പോലീസ് ഇന്ന് ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ വീട് പരിശോധന നടത്തി.അതേ സമയം ഇക്കഴിഞ്ഞ 17 ന് പുലർച്ചെ കൈരളി നഗറിലെ കെ.ബാലകൃഷ്ണന്റെ വീടിന്റെ മുൻവശത്തെ വാതിൽ കമ്പി പാര ഉപയോഗിച്ച് കുത്തിതുറക്കാൻ ശ്രമം നടന്നിരുന്നു. വീട്ടുകാർ ഉണർന്നപ്പോഴേക്കും മോഷ്ടാക്കൾ ഇരുളിൽ ഓടിരക്ഷപ്പെട്ടു. അതേ ദിവസം ചന്തപുരയിലെ ചെറുവിച്ചേരി പുതിയ ഭഗവതി ക്ഷേത്ര ഭണ്ഡാരങ്ങളും
കവർന്നിരുന്നു. ദിവസങ്ങൾക്ക് മുമ്പ് കുപ്പം മുക്കുന്നിലെ എം.കുഞ്ഞിക്കണ്ണന്റെ വീട്ടിൽ നിന്നും 15 പവനും പണവും അതേ ദിവസം ഇരിങ്ങലിലെ മുഹ്സീനയുടെ വീട് കുത്തിതുറന്ന് 15 പവനും 30,000 രൂപയും കവർന്നിരുന്നു. ഈ കവർച്ചാ കേസുകളുടെ അന്വേഷണം നടക്കുന്നതിനിടെ പ്രദേശത്ത് പരക്കെ മോഷണം നാട്ടുകാരിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്. പരിയാരം പോലീസ് സ്റ്റേഷനിൽ നിലവിൽ ആവശ്യത്തിന് പോലീസുകാർ ഇല്ലാത്തതും സ്റ്റേഷൻ ഹൗസ് ഓഫീസറായ പോലീസ് ഇൻസ്പെക്ടറുടെ അഭാവവും പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഡ്യൂട്ടിയിലുള്ള പോലീസുകാരെയാകട്ടെ ഹൈവേ പട്രോളിംഗ് ഉൾപ്പെടെയുള്ള ഡൂട്ടിയിൽ നിയോഗിച്ചതും സ്റ്റേഷൻ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.ഇക്കാരണത്താൽ പ്രൊഫഷണൽ മോഷ്ടാക്കൾ ഉൾപ്പെടെയുള്ളവർക്ക് പരിയാരം സ്റ്റേഷൻ പരിധിയിൽ താവളമുറപ്പിക്കാൻ സഹായകമായിട്ടുണ്ട്.
No comments
Post a Comment