Header Ads

  • Breaking News

    മുഴുവൻ പഞ്ചായത്തുകളിലും അടുത്ത വർഷത്തോടെ കളിക്കളം ഒരുക്കും: മന്ത്രി വി അബ്ദുറഹിമാൻ



    അടുത്ത വർഷത്തോടെ സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും കളിക്കളം ഒരുക്കുകയാണ് ലക്ഷ്യമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തിൽ ഡിസംബർ 21 മുതൽ 31 വരെ നടക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള കായിക മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

    സംസ്ഥാനത്തെ 465 പഞ്ചായത്തുകളിൽ കളിക്കളങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ 112 ഇടങ്ങളിൽ കളിസ്ഥലം സജ്ജമാക്കാൻ സർക്കാരിനായി. ഇതിന്റെ ഭാഗമായി 1500 കോടി രൂപ ചെലവഴിച്ചു. ബാക്കിയുള്ള പഞ്ചായത്തുകളിൽ അടുത്ത ഒരു വർഷത്തിനകം കളിക്കളങ്ങൾ ഒരുക്കാനാണ് ലക്ഷ്യം. കൂടുതൽ പേരെ കായിക മേഖലയിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ ഉദേശിക്കുന്നത്. വർധിച്ചു വരുന്ന ജീവിതശൈലി രോഗങ്ങൾ ഇല്ലാതാക്കാൻ കായിക പരിശീലനത്തിലൂടെ സാധിക്കും. ഒരു വ്യക്തി ആരോഗ്യത്തോടെ ഇരിക്കുക എന്നതിനർത്ഥം സന്തോഷത്തോടെ ഇരിക്കുന്നു എന്നാണ്. അതിനാൽ ശാരീരിക ക്ഷമത വർധിപ്പിക്കാൻ കൂട്ടായ പരിശ്രമം വേണമെന്നും മന്ത്രി പറഞ്ഞു.

    മണ്ഡലത്തിലെ ഒമ്പത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടന്ന മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ടീമുകൾ തമ്മിലുള്ള ഫുട്ബോൾ മത്സരത്തോടെയാണ് മേള തുടങ്ങിയത്. നവംബർ 22ന് കണ്ണൂർ സർവ്വകലാശാല ക്യാമ്പസിൽ ബോക്സിങ്, 22 മുതൽ 27 വരെ മയ്യിൽ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ്, 23 മുതൽ 25 വരെ മോറാഴ വായനശാല ഗ്രൗണ്ടിൽ ഷട്ടിൽ, 26 മുതൽ 28 വരെ കൂവേരി ബ്രദേഴ്സ് സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ വോളിബോൾ, 26ന് കരിങ്കൽക്കുഴി ഭാവന ഗ്രൗണ്ടിൽ കമ്പവലി, 27ന് കുറുമാത്തൂർ സ്കൂളിൽ കളരിപ്പയറ്റ്, പരിയാരം ഹയർ സെക്കണ്ടറി സ്കൂളിൽ ചെസ്സ്, മലപ്പട്ടം ഹയർ സെക്കണ്ടറിയിൽ ഹാൻഡ് ബോൾ, 29, 30 തീയ്യതികളിൽ കെ എ പി ഗ്രൗണ്ടിൽ അത്ലറ്റിക്സ്, 30 ന് മയ്യിലിൽ പഞ്ചഗുസ്തി എന്നിവ നടക്കും.

    കൂവോട് എ കെ ജി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ചു. ഒളിമ്പ്യൻ മേഴ്സി കുട്ടൻ, ഫുട്ബോൾ താരം സി കെ വിനീത്, ധ്യാൻചന്ദ് പുരസ്ക്കാര ജേതാവ് കെ സി ലേഖ എന്നിവർ മുഖ്യാതിഥികളായി. തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, വാർഡ് കൗൺസിലർ എം വി സജീറ, ജില്ലാ സ്പോർട്സ് കൗൺസിൽ ഭരണ സമിതി അംഗം ബിനീഷ്, സംഘാടക സമിതി കൺവീനർ വി ജയൻ, കൂവോട് ലേബർ സ്പോർട്സ് ക്ലബ്ബ് പ്രതിനിധി കെ കെ രത്നാകരൻ എന്നിവർ പങ്കെടുത്തു.


    No comments

    Post Top Ad

    Post Bottom Ad